”ക്യാന്‍സര്‍ രോഗികള്‍ പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്നാല്‍ സുഖം പ്രാപിക്കും, രക്തസമ്മര്‍ദ്ദം കുറയും” വിവാദ പരാമര്‍ശവുമായി യു.പി മന്ത്രി

ന്യൂഡല്‍ഹി: ക്യാന്‍സര്‍ രോഗികള്‍ പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്നാല്‍ സ്വയം സുഖപ്പെടുത്താമെന്നും പശുക്കളെ ലാളിച്ച് സേവിച്ചും രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളുടെ അളവ് 10 ദിവസത്തിനുള്ളില്‍ പകുതിയായി കുറയ്ക്കാമെന്നും ഞെട്ടിപ്പിക്കുന്ന അവകാശവാദമുന്നയിച്ച് ഉത്തര്‍പ്രദേശ് മന്ത്രി.

മന്ത്രി സഞ്ജയ് സിംഗ് ഗാംഗ്‌വാറാണ് ഞായറാഴ്ച തന്റെ നിയോജക മണ്ഡലമായ പിലിഭിത്തിലെ പക്കാഡിയ നൗഗവാനില്‍ പശു സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയില്‍ ജനങ്ങളെ തെറ്റ്ധരിപ്പിക്കുന്ന പ്രസംഗം നടത്തിയത്.

ഹിന്ദിയിലായിരുന്നു മന്ത്രിയുടെ പ്രസംഗം. ”രക്തസമ്മര്‍ദ്ദമുള്ള രോഗിയുണ്ടെങ്കില്‍… ഇവിടെ പശുക്കള്‍ ഉണ്ട്. ആ വ്യക്തി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ അതിന്റെ മുതുകില്‍ തലോടി പരിപാലിക്കണം. ആ വ്യക്തി 20 മില്ലിഗ്രാം ഡോസ് രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്ന് കഴിക്കുകയാണെങ്കില്‍. 10 ദിവസത്തിനുള്ളില്‍ ഇത് 10 മില്ലിഗ്രാമായി കുറയും”, എന്നാണ് മന്ത്രി തട്ടിവിട്ടത്.

‘ഒരു കാന്‍സര്‍ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കി അവിടെ കിടന്നാല്‍ ക്യാന്‍സര്‍ പോലും ഭേദമാകും. ചാണക ദോശ കത്തിച്ചാല്‍ കൊതുകില്‍ നിന്ന് ആശ്വാസം ലഭിക്കും. അതിനാല്‍ പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഒരു തരത്തില്‍ ഉപയോഗപ്രദമാണ്,’ അദ്ദേഹം അവകാശപ്പെട്ടു.

പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച അദ്ദേഹം, വിവാഹ വാര്‍ഷികവും കുട്ടികളുടെ ജന്മദിനവും പശുസംരക്ഷണ കേന്ദ്രങ്ങളില്‍ ആഘോഷിക്കാനും കാലിത്തീറ്റ ദാനം ചെയ്യാനും ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

More Stories from this section

family-dental
witywide