ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നു സൂചന. കെപിസിസി നിര്‍വാഹക സമിതിയോഗത്തില്‍ തയാറാക്കിയ സാധ്യത പട്ടിക സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നാളെ ഡല്‍ഹിക്ക് പോകും. നാളെ ഉച്ചയ്ക്ക് ഡല്‍ഹിയിലെത്തുന്ന സുധാകരന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് സാധ്യതാ പട്ടിക കൈമാറുമെന്നാണ് സൂചന. പിന്നീട് മറ്റു നേതാക്കള്‍ക്കൊപ്പമാകും ഹൈക്കമാന്‍ഡിനെ കാണുക. പാര്‍ട്ടി അധ്യക്ഷനു പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് സൂചന.
സിറ്റിങ് എംപിമാര്‍ക്കെല്ലാം സീറ്റ് നല്‍കാനാണ് കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനമായത്. എന്നാല്‍ രണ്ടു സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ മൂന്നിടത്ത് ധാരണയിലെത്താനായിട്ടില്ല. കണ്ണൂര്‍, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലാണ് തീരുമാനമാകാത്തത്. കണ്ണൂരില്‍ കെ സുധാകരനും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുമാണ് നിലവിലെ എംപിമാര്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിക്കാതെ പോയ ഏക സീറ്റാണ് ആലപ്പുഴ. കണ്ണൂരില്‍ സുധാകരന്റെയും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെയും പേരുകളാണ് ആദ്യം ഉയര്‍ന്നു കേട്ടത്.
ആലപ്പുഴയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മത്സരിക്കാന്‍ എത്തുമോയെന്നാണ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. കെസി ഇല്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ജില്ലയിലെ മുതിര്‍ന്ന നേതാവായ എഎ ഷുക്കൂറിന്റെയും പേരുകള്‍ പരിഗണനയിലുണ്ട്.
എൽഡിഎഫ് കേരളത്തിലെ എല്ലാ സീറ്റുകളിലേയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപി 12 ഇടത്ത് പ്രഖ്യാപനം നടത്തി. ചൊവ്വാഴ്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചിത്രം ഏറെക്കുറേ വ്യക്തമാകും.
Candidate list of Congress in Kerla on Tuesday