ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ഇലക്ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ പരിശോധിക്കുന്നത് തടയാന്‍ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. രേഖകളുടെ ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ കേന്ദ്ര നീക്കം തിരഞ്ഞെടുപ്പിന്റെ സുതാര്യത ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കേണ്ട ‘രേഖകള്‍’ എന്ന വിഭാഗത്തില്‍ വരില്ലെന്ന് വ്യക്തമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഭേദഗതിക്ക് മുമ്പ്, തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ സെക്ഷന്‍ 93(2) പ്രകാരമുള്ള വ്യവസ്ഥ അനുസരിച്ച് ‘തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി അനുമതിയോടെ പൊതു പരിശോധനയ്ക്ക് ലഭ്യമാക്കിയിരുന്നു.
മോദി സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത ഇല്ലാതാക്കിയെന്ന കോണ്‍ഗ്രസ് ആരോപണത്തോട് വോട്ടര്‍മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷയ്ക്കും വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് പോള്‍ പാനലിന്റെ വിശദീകരണം. അതേസമയം, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യമായ രേഖകളുടെ പകര്‍പ്പ് അഭിഭാഷകനായ മെഹമൂദ് പ്രാചയ്ക്ക് നല്‍കാന്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്.