ദില്ലിക്ക് പിന്നാലെ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണു, മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

അഹമ്മദാബാദ്: ദില്ലി ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ വിമാനത്താവളത്തിലെ മേൽക്കുര തകർന്നുണ്ടായ അപകടത്തിന്‍റെ ഞെട്ടൽ മാറും മുന്നേ ഗുജറാത്തിലും വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് അപകടം. ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലാണ് മേൽക്കൂര തകർന്നുവീണ് അപകടമുണ്ടായത്. പാസഞ്ചർ പിക്കപ്പ് ആൻഡ് ഡ്രോപ്പ് ഏരിയയിലെ മേൽക്കൂരയാണ് തകർന്നത്.

മേൽകൂരയുടെ മുകളിൽ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടമുണ്ടായതെന്നാണ് വിവരം. ആപകടത്തിൽ ആളപായമോ ആളുകൾക്ക് പരിക്കേറ്റതായോ സൂചനയില്ല. യാതക്കാരെ പിക്കപ്പ് ചെയ്യുന്ന സ്ഥലത്തെ മേൽക്കൂരയാണ് തകർന്നതായതിനാലാണ് അപകടത്തിന്‍റെ തോത് കുറയാൻ കാരണമെന്നാണ് വിലയിരുത്തലുകൾ. സംഭവത്തിൽ സിവിൽ എവിയേഷൻ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

3 ദിവസത്തിനിടെ ഇത്തരത്തിലെ മൂന്നാമത്തെ സംഭവമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലെ ജബൽപൂർ വിമാനത്താവളത്തിൽ വ്യാഴാഴ്ച കനത്ത മഴയ്‌ക്കിടെ വെള്ളം കെട്ടിനിന്ന് മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് അപകടമുണ്ടായിരുന്നു. ആർക്കും വലിയ പരിക്കേൽക്കാത്തത് ഭാഗ്യമായി.

ഇന്നലെ ദില്ലി വിമാനത്താവളത്തിൽ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ജീവൻ നഷ്ടമായിരുന്നു. ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തെതുടര്‍ന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു. വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു. ശക്തമായ മഴയെ തുടർന്നാണ് മേൽക്കൂര തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനമെന്നും കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide