‘ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാകിസ്താനെന്ന് വിളിക്കരുത്’; ജഡ്ജിയുടെ പരാമര്‍ശത്തില്‍ സുപ്രീംകോടതി

ന്യൂഡൽഹി: കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദയ്‌ക്കെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. നീതിയുടെയും ജുഡീഷ്യറിയുടെ അന്തസ്സിൻ്റെയും താൽപര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.

ബെംഗളൂരുവില്‍ മുസ്‌ലിം വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന ഗോരി പാല്യ എന്ന പ്രദേശത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനെ സുപ്രീം കോടതി ബെഞ്ച് വിമർശിച്ചു. ഇന്ത്യയിലെ ഒരു ഭാഗത്തെയും ‘പാകിസ്താന്‍’ എന്ന് മുദ്രകുത്താന്‍ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി.

ജഡ്ജിമാര്‍ മുന്‍വിധിയോടെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. സ്ത്രീവിരുദ്ധവും ഏതെങ്കിലും വിഭാഗത്തിനെതിരായതുമായ പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ നടത്തരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ആണ് വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് റിപ്പോര്‍ട്ട്‌തേടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക ഹൈക്കോടതി റെജിസ്ട്രര്‍ ജനറല്‍ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

More Stories from this section

family-dental
witywide