ഗ്വാളിയോര്‍: പുഷ്പ 2 സിനിമയുടെ പ്രദര്‍ശനം നടക്കുന്ന തിയേറ്ററിലെ കാന്റീന് ഉടമയുമായുള്ള തകര്‍ക്കത്തിനിടെ യുവാവിന്റെ ചെവി കടിച്ചുമുറിച്ചതായി പരാതി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. പുഷ്പ 2 സിനിമയുടെ പ്രദര്‍ശനം നടക്കുന്ന തിയേറ്ററിലെ കാന്റീന് ഉടമ ലഘുഭക്ഷണത്തിന്റെ ബില്ല് തീര്‍ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് യുവാവിനെ ഉപദ്രവിക്കുകയും ചെവിയില്‍ കടിക്കുകയും ചെയ്തത്. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ചയാണ് സംഭവം നടന്നത്. സിനിമയ്ക്കിടയിലെ ഇടവേളയില്‍ ഇന്ദര്‍ഗഞ്ച് ഏരിയയിലെ കൈലാഷ് ടാക്കീസിന്റെ കാന്റീനില്‍ ഭക്ഷണം വാങ്ങാന്‍ പോയ ഷബീറിനാണ് ദുരനുഭവം ഉണ്ടായത്. ഷബീറും കാന്റീന് ഉടമ രാജുവും തമ്മില്‍ ബില്ലിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടായി. രാജുവും കൂട്ടാളികളും ചേര്‍ന്ന് ഷബീറിനെ മര്‍ദ്ദിക്കുകയും അതിനിടെ രാജു ഷബീറിന്റെ ഒരു ചെവിയില്‍ കടിക്കുകയുമായിരുന്നു.
തിങ്കളാഴ്ചയാണ് ഷബീര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഷബീറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.