
തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു സന്തോഷ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു ക്ഷമാപണം നടത്തിയത്. ടയര്‍ പഞ്ചറായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ബൈജു നല്‍കിയ വിശദീകരണം.
ഞായറാഴ്ച അര്‍ധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ച് ബൈജുവിന്റെ വാഹനം സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചത്.
പൊലീസെത്തി ബൈജുവിനെ കസ്റ്റഡിയിലെടുക്കുകയും വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോകുകയും ചെയ്തു. എന്നാല്‍ ബൈജു വൈദ്യപരിശോധനയ്ക്ക് രക്ത സാമ്പിള്‍ കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നും ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് എഴുതി നല്‍കുകയുമായിരുന്നു.
മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചതിന് ബൈജുവിനെതിരെ മ്യൂസിയം പൊലീസ് കേസെടുക്കുകയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.