ബ്രിഡ്ജ്ടൗൺ, ബാർബഡോസ്: 2024ലെ അറ്റ്ലാൻ്റിക് സീസണിലെ ആദ്യ കൊടുങ്കാറ്റ് ബെറിൽ ശക്തിപ്രാപിച്ചതിനാൽ തെക്കുകിഴക്കൻ കരീബിയൻ പ്രദേശങ്ങൾ കനത്ത ജാഗ്രതയിൽ. “അത്യന്തം അകപകടകര”മായ കാറ്റഗറി 4ലാണ് ബെറിൽ കൊടുങ്കാറ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ബാർബഡോസിൽ നിന്ന് 465 മൈൽ (750 കിലോമീറ്റർ) കിഴക്ക് അറ്റ്ലാൻ്റിക് സമുദ്രത്തിൽ വീശുന്ന ബെറിൽ, തിങ്കളാഴ്ച വിൻഡ്വാർഡ് ദ്വീപുകളിൽ എത്തുമ്പോൾ ജീവൻ അപകടപ്പെടുത്തുന്ന തരത്തിലുള്ള കാറ്റും കൊടുങ്കാറ്റും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് നാഷണൽ ഹരികേൻ സെന്റർ (എൻഎച്ച്സി) പറഞ്ഞു.
കൊടുങ്കാറ്റ് ദ്രുതഗതിയിൽ തീവ്രമായിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. കരീബിയൻ സമൂഹത്തെ ബാധിക്കുമ്പോഴേക്കും കാറ്റിന്റെ ശക്തി വളരെയധികം ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ബാർബഡോസ്, സെൻ്റ് ലൂസിയ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, ഗ്രെനഡ എന്നിവിടങ്ങളിലെല്ലാം കൊടുങ്കാറ്റിന്റെ മുന്നറിയിപ്പുണ്ട്.
ഞായറാഴ്‌ച അർധരാത്രിയോ തിങ്കളാഴ്‌ച പുലർച്ചെയോ ബാർബഡോസിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റിന് സാധ്യതതയുള്ളതിനാൽ ഗ്രാൻ്റ്‌ലി ആഡംസ് ഇൻ്റർനാഷണൽ എയർപോർട്ട് ഞായറാഴ്‌ച രാത്രിയോടെ അടയ്ക്കുമെന്ന് ബാർബഡിയൻ പ്രധാനമന്ത്രി മിയ മോട്ടിലി പ്രഖ്യാപിച്ചു.