വിദേശ ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പുമായി അമേരിക്കയിലേക്ക് പോകാൻ ഒരുങ്ങുന്നവർക്ക് മുന്നറിയിപ്പ്. പ്യൂമ, അഡിഡാസ്, നൈക്ക്, ഗുച്ചി തുടങ്ങി വന്‍കിട ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പുകള്‍ കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തിയാൽ കർശന നിയമനടപടികളുണ്ടാകുമെന്നതാണ് പുതിയ അറിയിപ്പ്. വ്യാജ ഉല്‍പന്നങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ ഒന്നുകില്‍ കണ്ടുകെട്ടുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യും. വ്യാജ വസ്തുക്കളുടെ കളളക്കടത്ത് നിരീക്ഷണം യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ശക്തമാക്കി.
ഈടയടുത്ത് യുഎസിലേക്ക് യാത്ര ചെയ്ത നിരവധി ഇന്ത്യന്‍ വിദ്യാർഥികളുടെയും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി പറന്നവരുടെയും വ്യാജ ആഡംബര വസ്തുക്കള്‍ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. നിയമപ്രകാരം വ്യാജമാണെന്ന് കണ്ടെത്തിയ വസ്ത്രങ്ങളും ഉല്‍പന്നങ്ങളും നശിപ്പിക്കുകയോ ഉപക്ഷിക്കുകയോ ചെയ്യണം. അതേസമയം വന്‍കിട ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പുകളോ ആശയകുഴപ്പമുണ്ടാകുന്ന തരത്തില്‍ സാമ്യമുളളതോ ആയ ഉല്‍പന്നങ്ങള്‍ പരിമിത എണ്ണമാണെങ്കില്‍, അതും വ്യക്തിഗത ഉപയോഗത്തിനാണെങ്കില്‍ മാത്രം നിബന്ധനകള്‍ക്ക് വിധേയമായി ഇളവ് ലഭിച്ചേക്കാം.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുപ്രകാരം, ടെക്‌സസില്‍ മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മകനെ കാണാനായി പോയ ജംഷഡ്പൂരില്‍ നിന്നുളള അധ്യാപികയുടെ കൈവശമുണ്ടായിരുന്ന എട്ട് ഷർട്ടുകളും നാല് ട്രൗസറുകളും ഉള്‍പ്പടെയുളളവ വലിയ ബ്രാന്‍ഡിന്‍റെ വ്യാജ ഉല്‍പന്നമാണെന്ന് വിമാനത്താവളത്തില്‍ വച്ച് കണ്ടെത്തിയിരുന്നു. മകന് നല്‍കാനായി വാങ്ങിയതാണെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും വ്യാജ ഉല്‍പന്നവുമായി യാത്ര ചെയ്യാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. ഉപേക്ഷിക്കുന്നതിന് മുന്‍പ് ഇവ ഉപയോഗശൂന്യമാക്കുകയും ചെയ്തു.
വ്യാജ ഉല്‍പന്നങ്ങള്‍ യുഎസിലേക്ക് കൊണ്ടുവരുന്നത് ഇന്‍റലക്ച്വല്‍ പ്രോപ്പർട്ടി റൈറ്റ്സിന് വിരുദ്ധമാണ്. ദേശീയ സമ്പദ്-പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നുളളതുകൊണ്ടാണ് നിയമം കടുപ്പിക്കുന്നതും പരിശോധനങ്ങള്‍ കർശനമാക്കുന്നതും.
2023 ല്‍ 19724 ഷിപ്മെന്‍റുകളില്‍ നിന്നായി 23 മില്യണിലധികം വ്യാജ ഉല്‍പന്നങ്ങളാണ് യുഎസ് കസ്റ്റംസ് പിടിച്ചെടുത്തത്. ആഡംബര വസ്ത്രങ്ങളുമാണ് ഇത്തരത്തില്‍ പിടിച്ചെടുത്തവയില്‍ ശതമാനക്കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇത്തരം ഉത്പന്നങ്ങൾ പണം നൽകി വാങ്ങുന്ന പലരും ഇവ വ്യാജ പതിപ്പാണെന്ന് മനസിലാക്കുന്നില്ലെന്നാണ് വിവരം. വലിയ ബ്രാന്‍ഡുകളുടെ പകർപ്പുകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ഇത്ര വലിയ കുറ്റകൃത്യമാണെന്ന് അറിയാത്തവരുമുണ്ട്.