ന്യൂഡല്‍ഹി: സൗദിയില്‍ റിയാദിന് സമീപം അല്‍ഖര്‍ജില്‍ വെല്‍ഡിങ്ങിനിടെ കാറിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന യു.പി സ്വദേശിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. മാഹി വളപ്പില്‍ തപസ്യവീട്ടില്‍ ശശാങ്കന്‍ – ശ്രീജ ദമ്പതികളുടെ മകന്‍ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്.
അല്‍ഖര്‍ജ് സനാഇയ്യയില്‍ അറ്റകുറ്റ പണികള്‍ക്കായി വര്‍ക്ക്ഷോപ്പില്‍ എത്തിച്ച കാറിന്റെ പെട്രോള്‍ ടാങ്ക് വെല്‍ഡിങ്ങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും ഉടന്‍തന്നെ അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചെങ്കിലും ശരത്കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 2019ല്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തിയ ശരത്കുമാര്‍ സ്‌പോണ്‍സറുടെ വര്‍ക് ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ട് മാസം മുമ്പാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. അവിവാഹിതനാണ്. സഹോദരി ശില്‍പ റിയാദില്‍ നഴ്‌സായി ജോലി ചെയ്യുന്നുണ്ട്.