ഹൈദരാബാദ്: തന്റെ പുഷ്പ 2 എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്കു നടന്‍ അല്ലു അര്‍ജുനെതിരേ കേസെടുത്ത് പൊലീസ്. മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് അല്ലു അര്‍ജുന്‍ ബുധനാഴ്ച രാത്രി ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലെത്തിയത്. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് സ്ത്രീ മരിച്ചത്. ഇവരുടെ ഭര്‍ത്താവിനും കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടനെതിരേ വ്യാഴാഴ്ച പൊലീസ് കേസെടുത്തിരിക്കുന്നത്.
നടനെ കൂടാതെ, അദ്ദേഹത്തിന്റെ സുരക്ഷാ ടീം, സ്‌ക്രീനിംഗ് നടന്ന സന്ധ്യ തിയേറ്ററിന്റെ മാനേജ്മെന്റ് എന്നിവര്‍ക്കെതിരെ ഭാരതീയ ന്യായ സന്‍ഹിത സെക്ഷന്‍ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), 118 (1) (സ്വമേധയാ അപകടകരമായ ആയുധങ്ങളാല്‍ മുറിവേല്‍പ്പിക്കുകയോ ഗുരുതരമായ പരിക്കേല്‍പ്പിക്കുകയോ ചെയ്യുക) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.
സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനൊപ്പം പ്രദര്‍ശനത്തിനായി എത്തിയ അര്‍ജുനെ ഒരു നോക്ക് കാണാന്‍ സിനിമാ തിയേറ്ററില്‍ തടിച്ചുകൂടിയ ജനക്കൂട്ടം തിരക്കുകൂട്ടി. ഇതിനിടയില്‍പ്പെട്ട് ശ്വാസം മുട്ടിയാണ് 35 കാരി മരിച്ചത്.