കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കി. 2018 നവംബറില്‍ കോഴിക്കോട് നടന്ന യുവമോര്‍ച്ച യോഗത്തിലെ ശ്രീധരന്‍പിള്ളയുടെ പ്രസംഗമാണ് വിവാദമായത്.
സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചാല്‍ തുലാമാസ പൂജാ സമയത്ത് നട അടയ്ക്കുമെന്നും അങ്ങനെ വന്നാല്‍ അത് കോടതിയലക്ഷ്യമാകുമോ എന്നു തന്ത്രി കണ്ഠര് രാജീവര് ആരാഞ്ഞിരുന്നു എന്നുമാണ് പ്രസംഗത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണെന്നും നമ്മള്‍ അത് പ്രയോജനപ്പെടുത്തണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സംഭവം വിവാദമായതോടെ സമാധാനപരമായി സമരം ചെയ്യാന്‍ കിട്ടിയ സുവര്‍ണ അവസരം എന്നാണ് ഉദ്ദേശിച്ചതെന്നും ഗാന്ധിയന്‍ മോഡല്‍ സമരമായിരുന്നു മനസിലെന്നും ശ്രീധരന്‍ പിള്ള വിശദീകരിച്ചിരുന്നു.
കോഴിക്കോട് കസബ പൊലീസ് കേസെടുക്കുകയും അത് പിന്നീട് നടക്കാവ് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. കലാപ ആഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ആശ്വാസ വിധി വന്നത്.