തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ എം. മുകേഷിന്റെ എംഎല്‍എ സ്ഥാനത്തുനിന്നുള്ള രാജിയില്‍ അന്തിമതീരുമാനം ഇന്നുണ്ടായേക്കും. ഇന്നു ചേരുന്ന സംസ്ഥാന സമിതിയിലാവും മുകേഷിന്റെ രാജിസംബന്ധിച്ച് തീരുമാനമുണ്ടാവുക. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുകേഷിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്തില്ല. വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചയായത്.
സംഘടനാകാര്യങ്ങള്‍ മുഖ്യവിഷയമാകുന്ന ഇന്നത്തെ യോഗത്തിന്റെ അജണ്ടയില്‍ മുകേഷ് വിഷയമില്ല. എന്നാല്‍ പൊതുരാഷ്ട്രീയ സ്ഥിതി അവലോകനത്തിന്റെ ഭാഗമായി രാജി സമ്മർദ്ദം ചര്‍ച്ചക്ക് വരാനിടയുണ്ട്. കൊല്ലത്ത് നിന്നുളള നേതാക്കളുടെ അഭിപ്രായം കേള്‍ക്കണമെന്ന് ഇന്നലത്തെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ധാരണയുമുണ്ട്.
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുകേഷ് രാജി വയ്‌ക്കേണ്ടതില്ല എന്നാണ് സിപിഎമ്മിന്റെ ഇതുവരെയുള്ള നിലപാട്. ബ്ലാക്ക് മെയില്‍ തന്ത്രത്തിന്റെ ഭാഗമായാണ് പരാതിയെന്ന മുകേഷിന്റെ വിശദീകരണം സാധൂകരിക്കാന്‍ കഴിയുന്ന തെളിവുകളും മുകേഷ് പാര്‍ട്ടിക്ക് കൈമാറിയിട്ടുണ്ട്. മുകേഷ് എംഎൽഎ സ്ഥാനം രാജിവെച്ചതിനുശേഷം, എഫ്ഐആർ പോലും നിലനിൽക്കില്ല എന്ന് കോടതി വിധിച്ചാൽ അത് പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്.
സിനിമാ നയ രൂപീകരണസമിതി പുന:സംഘടനയുടെ തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാകാനിടയുണ്ട്. എം മുകേഷ് നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ചക്കെടുത്തില്ല.