ന്യൂഡൽഹി: കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ബെംഗളൂരു കോടതി. ഇലക്ടറൽ ബോണ്ടുകളിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. നിർമലയ്ക്കും മറ്റു അഞ്ചുപേർക്കും എതിരേ, ജനാധികാര സംഘർഷ് സംഘതനിലെ(ജെ.എസ്.പി) ആദർശ് അയ്യർ എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്.
ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. തുടർന്ന് പൊലീസ് നിർമലക്കെതിരെ കേസെടുക്കുകയും ചെയ്തു. കേസിന് പിന്നാലെ നിർമല സീതാരാമൻ രാജിവെക്കണമെന്ന ആവശ്യവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് എന്നത് സമ്മർദ്ദ തന്ത്രമാക്കി, ആയിരക്കണക്കിന് ബോണ്ടുകൾ വാങ്ങാൻ കോർപ്പറേറ്റുകളെ നിർബന്ധിച്ചുവെന്ന് പരാതിയിൽ ആരോപിക്കുന്നു. ഈ ഇലക്ടറൽ ബോണ്ടുകൾ ദേശീയ-സംസ്ഥാന നേതാക്കൾ പണമാക്കിമാറ്റി. നിർമലയും മറ്റു ബിജെപി നേതാക്കളും രാഷ്ട്രീയ ആവശ്യങ്ങൾക്കായി അനധികൃത ഫണ്ട് ശേഖരിക്കാൻ ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ചെന്നും പരാതിയിൽ പറയുന്നു.