പീഡന പരാതി: മുകേഷ് എംഎൽഎക്ക് എതിരെ കേസ് എടുത്തു

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെതിരേ കേസ്. കൊച്ചി മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കൊച്ചി സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. വഴങ്ങിത്തരണമെന്ന് മുകേഷ് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.

മുകേഷ് എം.എൽ.എ.സ്ഥാനം രാജിവെക്കണമെന്ന് കെ. അജിത ആവശ്യപ്പെട്ടു. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ആനിരാജയും സിപിഎം നേതാവ് വൃന്ദ കാരാട്ടും മുകേഷിനെതിരേ രംഗത്തെത്തിയിരുന്നു. അതോടൊപ്പം എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തിൽ 100 സ്ത്രീപക്ഷ വക്താക്കൾ ഒപ്പിട്ട് മുകേഷ് രാജി വയ്ക്കണമെന്നും പ്രസ്താവനയിറക്കിയിട്ടുണ്ട്.

ബുധനാഴ്ച മുകേഷിന്റെ ഓഫീസിലേക്ക്‌ ആർ.വൈ.എഫ്., മഹിളാമോർച്ച, യു.ഡി.എഫ്. എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു. സാംസ്കാരിക കേരളത്തിലെ രാഷ്ട്രീയമാലിന്യമാണ് മുകേഷ് എന്നായിരുന്നു യു.ഡി.എഫ്. മാർച്ച് ഉദ്ഘാടനംചെയ്ത ഷാനിമോൾ ഉസ്മാന്റെ വിമർശനം.

മന്ത്രി വീണാ ജോർജ് നേരത്തേ ഒരു ചാനലിനുവേണ്ടി മുകേഷിന്റെ മുൻഭാര്യ സരിതയെ ഇന്റർവ്യൂ ചെയ്തിരുന്നു. അതിൽ മുകേഷ്‌ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനെപ്പറ്റി വിശദമായി പറയുന്നുണ്ട്. മുകേഷിന്റെ അച്ഛൻ ഒ.മാധവൻ പറഞ്ഞതുകൊണ്ടുമാത്രമാണ് പരാതിപ്പെടാതിരുന്നതെന്നും സരിത പറയുന്നുണ്ട്. ഇതും മുകേഷിനെതിരേയുള്ള ആയുധമായി നവമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നുണ്ട്.

More Stories from this section

family-dental
witywide