ഗുജറാത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ വിദേശ വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസ് : 2 പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ് : ഗുജറാത്ത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മുസ്ലീം വിദേശ വിദ്യാര്‍ത്ഥികളെ നമസ്‌കാരത്തിനിടെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികളെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് റമദാന്‍ നാളിലെ പ്രത്യേക പ്രാര്‍ത്ഥനയിലേര്‍പ്പെട്ട വിദേശ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം ആക്രമിച്ചത്.

സംഭവത്തില്‍ പ്രതികളില്‍ ഹിതേഷ് മേവാഡ, ഭരത് പട്ടേല്‍ എന്നീ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 20-25 പേരടങ്ങുന്ന സംഘത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സോണ്‍ 7 ഡിസിപി തരുണ്‍ ദുഗ്ഗല്‍ പറഞ്ഞു. കൂടാതെ പ്രതികളെ പിടികൂടാന്‍ ഒമ്പത് ടീമുകളെയും രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസും സര്‍ക്കാരും സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നു ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നീര്‍ജ അരുണ്‍ ഗുപ്ത പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനായി അറസ്റ്റിലായവരെ ഗുജറാത്ത് യൂണിവേഴ്സിറ്റി പോലീസ് സ്റ്റേഷനിലേക്ക് കൈമാറും.

ശനിയാഴ്ച, അഹമ്മദാബാദിലെ ഗുജറാത്ത് സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ വളപ്പില്‍ നമസ്‌കരിക്കുന്നതിനിടെ ഒരു കൂട്ടം വിദേശ വിദ്യാര്‍ത്ഥികളെ അജ്ഞാതരായ 20-25 പേര്‍ ആക്രമിക്കുകയും കല്ലെറിയുകയും ഹോസ്റ്റല്‍ മുറി നശിപ്പിക്കുകയും മൊബൈലും ലാപ്‌ടോപ്പും വിദ്യാര്‍ത്ഥികളുടെ ബൈക്കും അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഗുജറാത്ത് സര്‍വ്വകലാശാലയില്‍ 300 ഓളം വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും അവരില്‍ 75 ഓളം പേര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ട ഹോസ്റ്റലിലെ എ ബ്ലോക്കില്‍ താമസിക്കുന്നുണ്ടെന്നും അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ ജിഎസ് മാലിക് പറഞ്ഞു. ക്രമസമാധാന നില ഇപ്പോള്‍ നിയന്ത്രണത്തിലാണെന്നും ശ്രീലങ്കയില്‍ നിന്നുള്ള പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Case of attacking foreign students in Gujarat University hostel: 2 people arrested

More Stories from this section

family-dental
witywide