ന്യൂഡല്‍ഹി: രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വിക്ക് അനുവദിച്ച ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. സംഭവത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ അന്വേഷണം പ്രഖ്യാപിച്ചു.
അഭിഷേക് മനു സിംഗ്വിക്ക് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സീറ്റ് നമ്പര്‍ 222 ല്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തത്. സഭ നിര്‍ത്തിവച്ചതിന് ശേഷം ഇന്നലെ പതിവ് പരിശോധനയ്ക്കിടെയാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
എന്നാല്‍ പണം തന്റേതല്ലെന്നും സഭയിലെത്തുമ്പോള്‍ തന്റെ കയ്യില്‍ 500 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് സിംഗ്വി ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.
സംഭവം ഗുരുതരമാണെന്നും രാജ്യസഭയുടെ അന്തസിനെ ഇത് ബാധിക്കുന്നതാണ്. അന്വേഷണം നടത്തും എന്ന രാജ്യസഭാ ചെയര്‍മാന്റെ തീരുമാനം ആശ്വാസകരമാണെന്നും കേന്ദ്ര മന്ത്രി ജെ പി നദ്ദ പറഞ്ഞു. സീറ്റ് നമ്പറും എംപിയുടെ പേരും ചൂണ്ടിക്കാണിച്ചതില്‍ തെറ്റില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ‘അതില്‍ എന്താണ് തെറ്റ്? പാര്‍ലമെന്റില്‍ നോട്ട് കെട്ടുകള്‍ കൊണ്ടുപോകുന്നത് ഉചിതമാണോ? ശരിയായ അന്വേഷണം നടത്തണം എന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി.