ഇന്ത്യ സംഖ്യം അധികാരത്തിൽ വന്നാൽ 50% എന്ന സംവരണ പരിധി എടുത്തുകളയും: രാഹുൽ ഗാന്ധി

റാഞ്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ ഇന്ത്യാ സംഖ്യം സർക്കാർ രൂപീകരിക്കുകയാണെങ്കിൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുമെന്നും സംവരണത്തിൻ്റെ 50 ശതമാനം പരിധി എടുത്തുകളയുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

മുഖ്യമന്ത്രി ആദിവാസി സമൂഹത്തിൽ നിന്നുള്ള ആളായതിനാൽ ജാർഖണ്ഡിലെ ജെഎംഎം-കോൺഗ്രസ്-ആർജെഡി സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.

“ബിജെപി-ആർഎസ്എസ് ഗൂഢാലോചന അവസാനിപ്പിച്ച് പാവപ്പെട്ടവരുടെ സർക്കാരിനെ സംരക്ഷിച്ചതിന് സോറൻ ജിയെയും എല്ലാ സഖ്യ എംഎൽഎമാരെയും അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു,” സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിലെ ഷഹീദ് മൈതാനിയിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

ദലിതർ, ആദിവാസികൾ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവരെ അടിമത്ത തൊഴിലാളികളാക്കിയെന്നും വൻകിട കമ്പനികൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ, കോടതികൾ എന്നിവയിൽ അവരുടെ പങ്കാളിത്തം കുറവാണെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.

“ഇതാണ് ഇന്ത്യയുടെ മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം. രാജ്യത്ത് ജാതി സെൻസസ് നടത്തുക എന്നതാണ് ഞങ്ങളുടെ ആദ്യപടി,” മുൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം 50 ശതമാനത്തിലധികം സംവരണം നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ തങ്ങൾ അധികാരത്തിലെത്തിയാൽ സംവരണത്തിൻ്റെ 50 ശതമാനം പരിധി എടുത്തു കളയുമെന്നും വാഗ്ദാനം ചെയ്തു.

“ദലിതുകളുടെയും ആദിവാസികളുടെയും സംവരണത്തിൽ ഒരു കുറവും ഉണ്ടാകില്ല. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. സാമൂഹികവും സാമ്പത്തികവുമായ അനീതിയാണ് ഏറ്റവും വലിയ പ്രശ്നം,” രാഹുൽ ഗാന്ധി പറഞ്ഞു.

More Stories from this section

family-dental
witywide