
കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍ക്ക് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ പുതിയ മാര്‍ഗനിര്‍ദേശം. എല്ലാ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും മാനിക്കണമെന്നും മറ്റ് മതങ്ങളിലെ വിദ്യാര്‍ത്ഥികളുടെ മേല്‍ ക്രിസ്ത്യന്‍ പാരമ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ദിവസേനയുള്ള അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്നും സ്‌കൂള്‍ പരിസരത്ത് ഒരു ‘സര്‍വ്വമത പ്രാര്‍ത്ഥനാ മുറി’ സ്ഥാപിക്കണമെന്നും സിബിസിഐ നിര്‍ദേശമുണ്ട്.
സ്വാതന്ത്ര്യ സമര സേനാനികള്‍, കവികള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ സ്‌കൂളില്‍ സ്ഥാപിക്കണമെന്നും സ്‌കൂളുകള്‍ക്ക് സുരക്ഷ കൂട്ടണമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലുണ്ട്.
രാജ്യത്തെ ‘നിലവിലെ സാമൂഹിക-സാംസ്‌കാരിക, മത, രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍’ നേരിടാന്‍ സഹായിക്കുന്നതിനാണ് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അതിന്റെ അധികാരപരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചില പ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ കത്തോലിക്കാ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഉന്നത തീരുമാനമെടുക്കുന്ന സ്ഥാപനമാണ് സിബിസിഐ. അതിന്റെ കീഴില്‍, ഏകദേശം 14,000 സ്‌കൂളുകള്‍, 650 കോളേജുകള്‍, ഏഴ് സര്‍വകലാശാലകള്‍, അഞ്ച് മെഡിക്കല്‍ കോളേജുകള്‍, 450 സാങ്കേതിക, തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ എന്നിവയുണ്ട്.