ഡൽഹി: രാജ്യതലസ്ഥാനത്ത്ഇന്നലെ നടത്തിയ ക്രിസ്മസ് വിരുന്നില്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിമർശനങ്ങൾ തള്ളി സിബിസിഐ രംഗത്ത്. ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിച്ചത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെയാണെന്നും ബിജെപി പ്രതിധിയെ അല്ലെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സിബിസിഐ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി എത്തിയത് അംഗീകാരമാണെന്നും പ്രധാനമന്ത്രിയുടേത് പോസിറ്റീവ് മറുപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി വിരുന്നിനെത്തിയതിനെ വിമര്‍ശിച്ച തൃശൂര്‍ ഭദ്രാസന മെത്രോപ്പൊലീത്ത മാര്‍ മിലിത്തിയോസിന് മറുപടിയില്ലെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ക്രിസ്മസ് വിരുന്ന് നാടകമെന്നായിരുന്നു മാര്‍ മിലിത്തിയോസിന്‍റെ വിമര്‍ശനം. ഇതിന് മറുപടി പറയാനില്ലെന്നാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കിയത്.
തൃശൂര്‍ ഭദ്രാസന മെത്രോപ്പൊലീത്തയുടെ വിമർശനം ഇപ്രകാരം
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ക്രിസ്മസ് വിരുന്ന് നാടകമെന്ന വിമർശനവുമായാണ് തൃശൂര്‍ ഭദ്രാസന മെത്രോപ്പൊലീത്ത മാർ മിലിത്തിയോസ് രംഗത്തെത്തിയത്. ഡൽഹിയിൽ പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുമ്പോൾ, കേരളത്തിൽ പുൽക്കൂട് ആക്രമിച്ചു നശിപ്പിച്ചത് ഇരട്ടത്താപ്പെന്നാണ് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടത്. ഡൽഹിയിലെ ക്രിസ്മസ് വിരുന്ന് പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും നാടകമാണെന്നും മാർ മിലിത്തിയോസ് അഭിപ്രായപ്പെട്ടിരുന്നു.