ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ സിബിഐ അറസ്റ്റ് തുടരുന്നു. ജാർഖണ്ഡിൽ നിന്ന് സിബിഐ മാധ്യമപ്രവർത്തകനെ അറസ്റ്റുചെയ്തു. ഹിന്ദി ദിനപത്രത്തിന്റെ ലേഖകൻ ജമാലുദ്ദീനെയാണ് ഹസാരിബാഗിൽനിന്ന് പിടികൂടിയത്. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. പിന്നാലെയാണ് പുതിയ അറസ്റ്റ്. പ്രധാന പ്രതികളെ ജമാലുദ്ദീൻ സഹായിച്ചെന്നാണ് വിവരം.
ഹസാരിബാഗ് ജില്ലയിലുള്ള ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്‌സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരെയാണ് ചോദ്യം ചെയ്യലിനൊടുവിൽ സി.ബി.ഐ. വെള്ളിയാഴ്ച അറസ്റ്റുചെയ്തത്. ഗുജറാത്തിലെ ഗോദ്രയിൽ ഏഴിടത്തും സിബിഐ റെയ്ഡ് നടത്തുന്നു.
നീറ്റിന്റെ ഹസാരിബാഗ് സിറ്റി കോഡിനേറ്ററായിരുന്നു എഹ്സനുല്‍ ഹഖ്. വൈസ് പ്രിന്‍സിപ്പല്‍ ഇംതിയാസ് ആലത്തെ എന്‍.ടി.എ. നിരീക്ഷകനായും ഒയാസിസ് സ്‌കൂളിലെ സെന്റര്‍ കോഡിനേറ്ററായും നിയോഗിച്ചിരുന്നു. ഇവരാണ് ചോർച്ചക്ക് പിന്നിലെന്നാണ് നിഗമനം. ബിഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് വെളിപ്പെട്ടതെന്നും സി.ബി.ഐ. വ്യക്തമാക്കി.
അതിനിടെ, കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഒറ്റക്കെട്ടായി നീറ്റ് വിഷയം ഉയര്‍ത്തി. വിഷയം സഭയുടെ മറ്റു കാര്യപരിപാടികള്‍ നിര്‍ത്തി ചര്‍ച്ചചെയ്യണമെന്നും സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
CBI arrest media person in neet question paper leak