ബംഗളൂരു: ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍. കേസില്‍ എംഎല്‍എ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്
വെള്ളിയാഴ്ച കര്‍ണാടകയിലെ പ്രത്യേക ജനപ്രതിനിധികളുടെ കോടതിയില്‍ ഹാജരാക്കും. കേസില്‍ കോടതി നാളെ വിധി പറയും. കര്‍ണാടകയില്‍ തന്നെ വലിയ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്. അനധികൃതമായി ഖനനം ചെയ്ത ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയതില്‍ 2010ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനധികൃതമായി കടത്തിയ നാല് ഖനന കമ്പനികളില്‍ ഒന്ന് എംഎല്‍എയുടെ ഉടമസ്ഥതയിലുള്ളതാണ്. കേസില്‍ ബംഗളൂരു സിബിഐ കോടതി സതീഷ് കൃഷ്ണ സെയില്‍ ഉള്‍പ്പെടെ ആറ് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന്റെ തിരച്ചിലിനായി കാര്‍വാര്‍ എംഎല്‍എ വലിയ പങ്ക് വഹിച്ചതിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ്. അര്‍ജുന്റെ മൃതദേഹം വീട്ടിലെത്തിക്കുന്ന വേളയില്‍ സതീഷ് കൃഷ്ണ സെയില്‍ ഉള്‍പ്പെടെയുള്ള സംഘം അര്‍ജുന്റെ വീട്ടിലെത്തിയിരുന്നു.