
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്‌ന മരിയ ജയിംസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. കേസുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പരിശോധനകളിലും യാതൊരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും നിര്‍ണയക വിവരങ്ങളൊന്നും ലഭിക്കാതെ അന്വേഷണം മുന്‍പോട്ട് കൊണ്ടു പോകാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് കേസ് അവസാനിപ്പിച്ചത്. അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
2018 മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു തിരോധാനം. ജസ്‌നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസ്, കെഎസ്‌യു നേതാവ് അഭിജിത്ത് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണു കേസ് അന്വേഷണം സിബിഐക്ക് വിട്ടത്.
കേസില്‍ രണ്ടുപേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ഇരുവര്‍ക്കും ജസ്‌നയുടെ തിരോധാനത്തില്‍ പങ്കില്ലെന്നാണ് റിപ്പോര്‍ട്ട്. ബംഗുളുരു സി എഫ് എസ് എല്‍ (Central Forensic Science Laboratory) ല്‍ ആയിരുന്നു ശാസ്ത്രീയ പരിശോധന നടത്തിയത്. അതേസമയം കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു.