‘എയ‍ർ ഇന്ത്യ’ അഴിമതി കേസിൽ പ്രഫുൽ പട്ടേലിന് ക്ലീൻ ചിറ്റ്, കേസ് ക്ലോസ് ചെയ്ത് സിബിഐ; ‘എൻഡിഎ’ പാരിതോഷികമെന്ന് പ്രതിപക്ഷം

ദില്ലി: മഹാരാഷ്ട്രയിലെ എൻ സി പി നേതാവ് പ്രഫുൽ പട്ടേലിനെതിരായ ‘എയ‍ർ ഇന്ത്യ അഴിമതി കേസ് അന്വേഷണം സി ബി ഐ അവസാനിപ്പിച്ചു. എൻ ഡി എയിൽ ചേർന്ന് 9 മാസമാകുമ്പോഴാണ് യു പി എ ഭരണകാലത്തെ അഴിമതിക്കേസിൽ പ്രഫുൽ പട്ടേലിന് സി ബി ഐയുടെ ക്ലീൻ ചിറ്റ് ലഭിച്ചിരിക്കുന്നത്. യു പി എ ഭരണകാലത്ത് വ്യോമയാന മന്ത്രിയായിരുന്നപ്പോൾ എയർ ഇന്ത്യയ്ക്ക് വേണ്ടി വിമാനങ്ങൾ പാട്ടത്തിനെടുത്ത കേസാണ് സി ബി ഐ ക്ലോസ് ചെയ്തിരിക്കുന്നത്.

സുപ്രീംകോടതി നിർദ്ദേശ പ്രകാരം 2017 ൽ തുടങ്ങിയ അന്വേഷണമാണ് സി ബി ഐ ഇപ്പോൾ അവസാനിപ്പിച്ചത്. ഇക്കാര്യം വ്യക്തമാക്കി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്തതിൽ അഴിമതിയുണ്ടെന്ന് കണ്ടെത്തിയ പരമോന്നത കോടതി 2017 ലാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യോമയാന വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ‍ര്‍ക്കൊപ്പം അന്നത്തെ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലും കേസിൽ പ്രതിയായി.

അന്വേഷണം ആദ്യ ഘട്ടത്തിൽ ഉന്നതരിലേക്ക് നീണ്ടെങ്കിലും പിന്നീട് വേഗം കുറഞ്ഞു. ഒടുവിൽ ഏഴ് വർഷത്തെ അന്വേഷണം അവസാനിപ്പിക്കാൻ സി ബി ഐ തീരുമാനിക്കുകയായിരുന്നു. എൻ സി പി നേതാവായ പ്രഫുൽ പട്ടേൽ കഴിഞ്ഞ വർഷം ജൂലൈയിൽ എൻ ഡി എ മുന്നണിയിൽ ചേർന്നിരുന്നു. മഹാരാഷ്ട്രയിൽ എൻ സി പിയെ പിളർത്തി അജിത് പവാർ ബി ജെ പി ക്യാമ്പിലേക്ക് പോകുന്നതിലെ പ്രധാന ബുദ്ധികേന്ദ്രങ്ങളിലൊന്നായിരുന്നു പട്ടേൽ. ഇതിനുള്ള പാരിതോഷികമാണ് ‘എയ‍ർ ഇന്ത്യ’ അഴിമതി കേസ് അന്വേഷണം അവസാനിപ്പിച്ചതിലൂടെ എൻ ഡി എ നൽകിയിരിക്കുന്നതെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിട്ടുണ്ട്.

CBI closes 2017 corruption case involving NCP Leader Praful Patel after joins NDA

More Stories from this section

family-dental
witywide