തിരുവനന്തപുരം: കേരളത്തിൽ വലിയ ചർച്ചയായ ഐ എന്‍ ടി യു സി നേതാവ് രാമഭദ്രന്‍ വധകേസിൽ കോടതി വിധി പുറപ്പെടുവിച്ചു. കേസിലെ 18 പ്രതികളില്‍ 14 പേര്‍ കുറ്റക്കാരെന്നാണ് സി ബി ഐ കോടതിയുടെ വിധി. നാലു പേരെ വെറുതെ വിട്ടു. കൊലപാതകം , ഗൂഡാലോചന, ആയുധ കൈയില്‍ വയ്ക്കുക എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്. ഈ മാസം 30 ന് പ്രതികൾക്കുള്ള ശിക്ഷ വിധിക്കുമെന്ന് തിരുവനന്തപുരം സി ബി ഐ കോടതിവ്യക്തമാക്കി. സിപിഎം കൊല്ലം ജില്ല കമ്മിറ്റി അംഗം ബാബു പണിക്കർ അടക്കമുള്ളവരാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. വെറുതെ വിട്ട 4 പേരിൽ ജയമോഹന്‍ സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്.
2010 ഏപ്രില്‍ 10 നാണ് വീട്ടിനുള്ളില്‍ കയറി രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയത്. 19 പ്രതികളുണ്ടായിരുന്ന കേസില്‍ ഒരു പ്രതി മരിച്ചിരുന്നു. രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സി ബി ഐക്ക് കൈമാറിയത്. 2019ലാണ് സി ബി ഐ കുറ്റപത്രം നല്‍കിയത്. 126 സാക്ഷികളുണ്ടായിരുന്നന കേസില്‍ സിപിഎം പ്രവര്‍ത്തകരായ സാക്ഷികള്‍ കൂറുമാറി. സി ബി ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്.
ഐ എന്‍ ടി യു സി ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാമഭദ്രനോടുള്ള രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് പിന്നില്‍. മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെയാണ് വീട്ടിനുള്ളില്‍ കയറി വെട്ടികൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈം ബ്രാഞ്ചും കേസന്വേഷിച്ചു. കേസ് സി ബി ഐക്ക് വിട്ടതോടെ 19 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ ഒരു പ്രതി മരിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കളിയാവര്‍ക്കര്‍ പുറമേ ഗൂഡാലോചനക്കും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് സി പി എം നേതാക്കളെ പ്രതിയാക്കിയത്.