ബംഗാളിലെ സന്ദേശ്ഖാലി ഇരകൾക്ക് പരാതി നൽകാൻ സിബിഐയുടെ പ്രത്യേക മെയിൽ ഐഡി

പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി ഗ്രാമത്തിൽ ഭൂമി കൈയേറ്റത്തിന് ഇരയായവർക്ക് പരാതി നൽകുന്നതിനായി പ്രത്യേക ഇമെയിൽ ഐഡി. sandeshkhali@cbi.gov.in എന്ന ഇമെയിൽ ഐഡിയിൽ പരാതി നൽകാം. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐയാണ് മെയിൽ ഐഡി ഉണ്ടാക്കിയത്.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും സന്ദേശ്ഖാലിയിലെ ഭൂമി കയ്യേറ്റവും സംബന്ധിച്ച പരാതികൾ സിബിഐ അന്വേഷിക്കണമെന്ന് കൽക്കട്ട ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. സിബിഐക്ക് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ കേസുകൾ റജിസ്റ്റർ ചെയ്യാൻ തുടങ്ങുമെന്ന് സിബിഐ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിസ്ഥാനത്തുള്ള ലൈംഗികാതിക്രമങ്ങള്‍, ഭൂമി കയ്യേറ്റം തുടങ്ങിയ ആക്ഷേപങ്ങളാണ് സിബിഐ പരിശോധിക്കുക. തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖാണ് സന്ദേശ്ഖാലി അക്രമങ്ങൾക്ക് നേതൃത്വം നൽകിയതെന്നും അവിടത്തെ സ്ത്രീകൾ ആരോപിച്ചിരുന്നു.

ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ പരിശോധന നടത്താനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ തൃണമൂൽ പാർട്ടി പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് സന്ദേശ്ഖാലിയിലെ സംഭവങ്ങൾ ഓരോന്നായി വെളിച്ചത്ത് വരുന്നത്. സ്ഥലം പിടിച്ചെടുക്കുന്നതിനെ എതിർത്ത സന്ദേശ്ഖാലിയിലെ സ്ത്രീകളെ ശാരീരികമായി ആക്രമിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്ന് പരാതികൾ ഉയർന്നു. ഫെബ്രുവരി ആദ്യവാരത്തിലാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിക്കുന്നത്. 55 ദിവസത്തിന് ശേഷമാണ് ഒളിവിലായിരുന്ന ഷാജഹാന്‍ ഷെയ്ഖിനെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

CBI creates E mail id for Sandesh Khali victims