നീറ്റ് ചോദ്യപേപ്പർ ചോർച്ച: എയിംസിലെ 3 ഡോക്ടർമാർ സിബിഐ കസ്റ്റഡിയിൽ

ദില്ലി: നീറ്റ് യുജി ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പട്ന എംയിസിലെ 3 ഡോക്ടർമാരെ സിബിഐ കസ്റ്റഡിയിലെടുത്തു. ഡോക്ടർമാരുടെ മുറികൾ സീൽ ചെയ്ത സിബിഐ, ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. പട്ന എയിംസിലെ ഡോക്ടർമാരെ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയാണെന്ന് മാത്രമാണ് സിബിഐ അറിയിച്ചിട്ടുള്ളത്.

ബിഹാറിലെ ഹസാരിബാഗിലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ട്രങ്കിൽ നിന്ന് നീറ്റ് – യുജി ചോദ്യ പേപ്പർ മോഷ്ടിച്ചെ കേസിൽ പങ്കജ് കുമാർ, കൂട്ടാളി രാജു സിംഗ് എന്നിവരെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പങ്കജ് കുമാറിനെ പട്‌നയിൽ നിന്നും രാജു സിംഗിനെ ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നുമാണ് പിടികൂടിയത്. നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച 40ലധികം ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നിർണായക നീക്കം.