തിരുവനന്തപുരം: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹൈറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന കേസാണ് സര്‍ക്കാര്‍ സി.ബി.ഐ.ക്ക് വിട്ടത്. അതീവരഹസ്യമായിട്ടായിരുന്നു ഇതുസംബന്ധിച്ച നടപടികള്‍.
ഹൈറിച്ച് കമ്പനി ഉടമകള്‍ 1.63 ലക്ഷം നിക്ഷേപകരിൽ നിന്നായി 1630 കോടി തട്ടിയെന്നാണ് കേസ്. എഴുപതോളം കടലാസ് കമ്പനികൾ നടത്തിയെന്നും ഇതിൽ 14 കമ്പനികൾ തൃശൂരിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ക്രിപ്റ്റോ കറൻസി ഇടപാടുകളടക്കം വാഗ്ദാനം ചെയ്തു പണം തട്ടിയെന്നും ഇഡി കണ്ടെത്തിയിരുന്നു.
ഹൈറിച്ച് കേസ് സി.ബി.ഐ.ക്ക് വിട്ടുള്ള വിജ്ഞാപനം കഴിഞ്ഞമാസം തന്നെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെ ഏപ്രില്‍ അഞ്ചിന് കേസുമായി ബന്ധപ്പെട്ട പെര്‍ഫോമ റിപ്പോര്‍ട്ട് അടിയന്തരമായി കൈമാറാനും ഉത്തരവുണ്ടായി. ഇക്കണോമിക് ഒഫന്‍സ് വിങ്ങിലെ ഡിവൈ.എസ്.പി. മുഖാന്തരം പെര്‍ഫോമ റിപ്പോര്‍ട്ട് അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കണമെന്നായിരുന്നു ഉത്തരവിലെ നിര്‍ദേശം.