കൊൽക്കത്ത: 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രി മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷ് ശ്രമിച്ചെന്നും ഇത് തെളിവ് നശിപ്പിക്കാൻ ഇടയാക്കിയെന്നും സിബിഐ കോടതിയിൽ. അന്വേഷണ ഉദ്യോഗസ്ഥരെ ബോധപൂർവം കബളിപ്പിക്കാൻ സന്ദീപ് ഘോഷ് ശ്രമിച്ചതായി സിബിഐയുടെ റിപ്പോർട്ടിൽ പറയുന്നു.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സന്ദീപ് ഘോഷ് ഉദ്ദേശിച്ചിരുന്നില്ലെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ബലാത്സംഗ-കൊലപാതക കേസിൽ എഫ്ഐആർ ഫയൽ ചെയ്യുന്നതിലെ കാലതാമസത്തിനും തെളിവുകൾ നഷ്‌ടമായതിനും ഘോഷിനെയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ടലിനെയും സിബിഐ അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് വെളിപ്പെടുത്തൽ. അന്വേഷണത്തിനിടെ ഘോഷിനെ ലേയേർഡ് വോയ്‌സ് അനലിസ്റ്റിനും പോളിഗ്രാഫ് ടെസ്റ്റിനും വിധേയനാക്കിയതായും സിബിഐയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
അഭിഭാഷകനുമായി കൂടിയാലോചിച്ചിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സന്ദീപ് ഘോഷ് ഉദ്ദേശിച്ചിരുന്നില്ലെന്നും അതിൽ പറയുന്നു. ഒടുവിൽ ആർജി കർ ആശുപത്രി വൈസ് പ്രിൻസിപ്പൽ പരാതി നൽകിയെങ്കിലും അതും ആത്മഹത്യയായി ചിത്രീകരിച്ചു. ട്രെയിനി ഡോക്ടറുടെ മൃതദേഹം സെമിനാർ ഹാളിനുള്ളിൽ കണ്ടെത്തിയ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10.03 മുതൽ പ്രിൻസിപ്പൽ അഭിജിത്ത് മൊണ്ടലുമായി ബന്ധപ്പെട്ടിരുന്നതായി സിബിഐ റിപ്പോർട്ടിലുണ്ട്.