ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെടുന്ന ദൃശ്യങ്ങൾ കാനേഡിയൻ മാധ്യമം പുറത്തുവിട്ടു

ഇന്ത്യ – കാനഡ ബന്ധത്തിൽ വിള്ളലിനു കാരണമായ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഒരു കനേഡിയൻ ടിവി ചാനൽ പുറത്തുവിട്ടു. സിബിഎസ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യുന്ന കനേഡിയൻ അന്വേഷണാത്മക ഡോക്യുമെന്ററി പരമ്പരയായ ‘ദി ഫിഫ്ത്ത് എസ്റ്റേറ്റി’ൽനിന്ന് ലഭ്യമായ വിഡിയോ സിബിഎസ് ന്യൂസാണ് പുറത്തുവിട്ടത്..

2020-ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച നിജ്ജാർ, 2023 ജൂൺ 18-ന് വൈകുന്നേരം ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്കു പുറത്ത് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ചാരനിറത്തിലുള്ള പിക്കപ്പ് ട്രക്കുമായി ഗുരുദ്വാരയുടെ പാർക്കിങ് സ്ഥലത്തുനിന്ന് നിജ്ജാർ പോകുന്നത് വിഡിയോയിൽ കാണാം. വാഹനം എക്സിറ്റിനടുത്ത് എത്തുമ്പോൾ ഒരു വെള്ള സെഡാൻ കാർ വണ്ടിയെ തടഞ്ഞുകൊണ്ട് മുന്നിൽ നിർത്തുന്നതും പിന്നാലെ രണ്ടുപേർ ഓടിവന്ന് നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. വെടിവെച്ച രണ്ട് പേരും സിൽവർ കളർ ടൊയോട്ട കാംറിയിൽ കയറി രക്ഷപ്പെട്ടു.

സംഭവം നടക്കുമ്പോൾ സമീപത്തെ മൈതാനത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന 2 പേർ സംഭവ സ്ഥലത്തേക്ക് ഓടിവരുന്നതും അക്രമികളെ പിന്തുടരാൻ ശ്രമിക്കുന്നതും കാണാം. ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങളെത്തുമ്പോൾ രണ്ട് ആളുകൾ ഓടിപ്പോകുന്നത് കണ്ടുവെന്ന് സാക്ഷികളിലൊരാളായ ഭൂപീന്ദർ സിങ് സിദ്ദു വെളിപ്പെടുത്തിയിരുന്നു.”ഓടിയെത്തിയവർ നിജ്ജാറിന് പ്രാഥമിക ശുശ്രൂഷ നല്‍കി. എന്നാൽ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. ശ്വസിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടായിരുന്നില്ല,” എന്നായിരുന്നു ഭൂപീന്ദർ സിങ് സിദ്ദുവിന്റെ പരാമര്‍ശം.

അക്രമികള്‍ അന്‍പതോളം തവണ വെടിയുതിർത്തതായും 34 വെടിയുണ്ടകള്‍ നിജ്ജാറിന്റെ ശരീരത്തില്‍ പതിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) ഇതുവരെ നിജ്ജാർ കൊലപാതകത്തിൽ ആരെയും പ്രതികളാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ ഈ കൊലപാതകം ഇന്ത്യയും കാനഡയും തമ്മിൽ വലിയ നയതന്ത്ര തർക്കങ്ങൾക്കാണ് വഴിവച്ചത്.

കനേഡിയൻ പൗരത്വമുള്ള ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ ആരോപണം പാർലമെൻറിൽ ഉന്നയിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.

CCTV footage of Nijjar’s killing published public in Canada

More Stories from this section

family-dental
witywide