ന്യൂയോർക്ക്: അമേരിക്കയിൽ ആദ്യമായി ഗുരുതരമായ പക്ഷിപ്പനി ബാധിച്ചതായി സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) സ്ഥിരീകരിച്ചു. രോഗിയെ ലൂസിയാനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഫെഡറൽ ഹെൽത്ത് ഏജൻസി അറിയിച്ചു. രോഗിയുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഡിസംബർ 13 വെള്ളിയാഴ്ച സിഡിസി ഈ കേസ് സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2024 ഏപ്രിൽ മുതൽ അമേരിക്കയിൽ മൊത്തം 61 പേർക്ക് പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിവളർത്തൽ, പാലുൽപ്പന്ന പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് പുറമേ, കാട്ടുപക്ഷികളും വീട്ടുമുറ്റത്തെ ആട്ടിൻകൂട്ടങ്ങളും സമ്പർക്കത്തിൻ്റെ ഉറവിടമാകുമെന്ന് ഈ കേസ് അടിവരയിടുന്നതായി സിഡിസി പറഞ്ഞു.
ലോകത്തെ പുതിയ മഹാമാരിയായി പക്ഷിപ്പനി അമേരിക്കയിൽ നിന്നും ഉണ്ടായേക്കാം എന്ന് വിദഗ്ദർ വിലയിരുത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. സ്പെയിനിൽ നിന്നുള്ള ലാ വാംഗ്വാർഡിയ എന്ന ദിനപത്രത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുള്ളത്. എച്ച്5എൻ1 അഥവാ പക്ഷിപ്പനിക്ക് ജനിതകവ്യതിയാനം സംഭവിക്കുന്നത് തുടരുമെന്നും അമേരിക്കയിലുടനീളം പടരുമെന്നും ഇത് ഭാവിയിൽ മറ്റൊരു മഹാമാരിക്ക് കാരണമായേക്കാമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
വന്യമൃഗങ്ങളിൽ നിന്ന് വളർത്തു മൃഗങ്ങളിലേക്ക് വൈറസ് പകരാനുള്ള സാധ്യത വർധിക്കുകയും ഇതുവഴി മനുഷ്യരിൽ രോഗവ്യാപനമുണ്ടാവുകയും ചെയ്യുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്കയിലെ പക്ഷിപ്പനി വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യസംഘടന സൂചിപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
എന്താണ് പക്ഷിപ്പനി ?
പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ 1. ഇത് ഒരു തരം ഇൻഫ്ളൂവൻസ വൈറസാണ്. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങൾ വഴിയാണ്. രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകൾ എന്നിവ വഴിയും വേഗം പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് രോഗം പകരും. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്. പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് ഇത് ചില സാഹചര്യങ്ങളിൽ പകരാറുണ്ട്. എന്നാൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യത കുറവാണ്. രോഗം ബാധിച്ച മനുഷ്യരിൽ മരണനിരക്ക് 60 ശതമാനത്തോളമാണ്.