ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്കും അത്തരം ഉത്പന്നങ്ങൾക്ക് പരസ്യം നൽകുന്ന സോഷ്യൽ ഇൻഫ്ലുവൻസർമാർക്കും തുല്യ ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതി. പതഞ്ജലി ആയുർവേദ ഉൽപ്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം സംബന്ധിച്ച കേസ് പരിഗണിക്കവെ ആയിരുന്നു സുപ്രീംകോടതിയുടെ പരാമർശം.
ജസ്റ്റിസുമാരായ ഹിമ കോഹ്ലി, എ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് പരസ്യങ്ങളില്‍ അഭിനയിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് വ്യക്തമാക്കിയത്. ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് കമ്പനികള്‍ ഉയര്‍ത്തുന്ന അവകാശ വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെങ്കില്‍ പരസ്യങ്ങളുടെ ഭാഗമാകുന്ന നടി-നടന്മാര്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാര്‍ എന്നിവര്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
പരസ്യങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് വാണിജ്യ നിയമങ്ങൾക്കും കോഡുകൾക്കും അനുസൃതമാണെന്ന് പ്രസ്താവിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം ഫയൽ ചെയ്യണമെന്നും കോടതി പറഞ്ഞു. ടിവിയിൽ പരസ്യം നൽകുന്നവർക്ക് ബ്രോഡ്കാസ്റ്റ് സേവാ പോർട്ടലിൽ ഡിക്ലറേഷൻ അപ്ലോഡ് ചെയ്യാമെന്നും നാലാഴ്ചയ്ക്കകം അച്ചടി മാധ്യമങ്ങൾക്കായി ഒരു പോർട്ടൽ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരും സെലിബ്രിറ്റികളും ഏതെങ്കിലും ഉൽപ്പന്നത്തെ അംഗീകരിക്കുമ്പോൾ സിസിപിഎ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പൊതുജനങ്ങൾ തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം ദുരുപയോഗം ചെയ്യരുതെന്നും കോടതി ഊന്നിപ്പറഞ്ഞു.