സഭയുടെ അന്തസ്സ് എഡിറ്റ് ചെയ്ത അന്തസ്സോ? പ്രതിപക്ഷ നേതാവിന് സെന്‍സറിങ്? സതീശന്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സഭാ ടിവി കട്ട് ചെയ്തു

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പൂര്‍ണതോതില്‍ ഇന്ന് ആരംഭിച്ചിരിക്കെ പ്രതിപക്ഷ ബഹളത്തില്‍ സഭ ആടി ഉലഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സഭാ ടിവി കട്ട് ചെയ്തത് വിവാദത്തിലേക്ക്. വി.ഡി സതീശന് സെന്‍സറിങ് എന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സതീശന്‍ സംസാരിക്കവേ മുഖ്യമന്ത്രിയെ മാത്രമാണ് സഭാ ടിവി കാണിച്ചത്. പ്രതിപക്ഷം സഭയില്‍ നടത്തിയ പ്രതിഷേധവും സഭാ ടിവി സംപ്രേക്ഷണം ചെയ്തില്ലെന്നതും ശ്രദ്ധേയമാണ്.

ഇന്ന് സഭയുടെ ആരംഭം മുതല്‍ പ്രതിഷേധവുമായി പ്രതപക്ഷം രംഗത്തു വന്നിരുന്നു. എഡിജിപി വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിന്റെ മൈക് സ്പീക്കര്‍ ഓഫ് ചെയ്തതില്‍ തുടങ്ങിയ കല്ലുകടി പ്രതിപക്ഷ നേതാവ് ആരാണെന്ന സ്പീക്കറുടെ ചോദ്യത്തില്‍ ഉടക്കി. അതില്‍പ്പിടിച്ചുകയറിയ പ്രതിപക്ഷ നേതാവും സ്പീക്കറും വലിയ വാക്കേറ്റമാണ് നടത്തിയത്. അതിന്മേല്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ മറുപടിയും ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കി.

ജനാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റ് നടപടികള്‍ എഡിറ്റ് ചെയ്യാതെ പൊതുജനത്തിന് കാണാമെന്നിരിക്കെ കേരളത്തിലുണ്ടാകുന്ന വിവേചനം ചര്‍ച്ചയായിക്കഴിഞ്ഞു. സഭാ ടിവിയിലെ ദൃശ്യങ്ങളില്‍ നിന്ന് തന്റെ പരാമര്‍ശം മാത്രം നീക്കം ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കി. മുഖ്യമന്ത്രിയും പാര്‍ലമെന്ററികാര്യമന്ത്രിയും സ്പീക്കറും പറഞ്ഞതു മാത്രം നല്‍കാനാണെങ്കില്‍ എന്തിനാണ് സഭാ ടിവിയെന്നും സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുണ്ടായ സംവാദം പൊതുജനം കാണേണ്ടതല്ലേയെന്നും ഏകാധിപത്യപരമായ പ്രവര്‍ത്തിയാണ് നടക്കുന്നതെന്നും പിണറായി വിജയന്‍ നരേന്ദ്ര മോദിയാകാന്‍ ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു.

ഫ്രഞ്ച് പദമായ പാര്‍ലമെന്റിന്റെ അര്‍ത്ഥം സംവാദം, പ്രഭാഷണം എന്നൊക്കെയാണ്, പാര്‍ലര്‍ ,’ ടു ടോക്ക് ‘ എന്നിവയില്‍ നിന്നാണ് ഈ വാക്ക് എത്തിയത്. സംസാരത്തിന്, അല്ലെങ്കില്‍ സംഭാഷണത്തിന് അത്രയേറെ പ്രാധാന്യമുള്ള ഭരണ സംവിധാനത്തില്‍ സഭാ ടിവി പോലെ ഒന്ന് ചിലര്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തുന്നത് തികച്ചും ജനാധിപത്യത്തിനെതിരാണ്. സഭയുടെ അന്തസിന് യോജിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിഡി സതീശന്റെ സംവാദ ഭാഗം സഭാ ടിവി ഒഴിവാക്കിയതെന്ന വിശദീകരണം യഥാര്‍ത്ഥത്തില്‍ ഒരു വിശദീകരണം പോലുമാകുന്നില്ല. പ്രത്യേകിച്ചും, സതീശനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ നീക്കം ചെയ്യാതിരിക്കുന്ന സാഹചര്യത്തില്‍.

More Stories from this section

family-dental
witywide