വിദേശ സഹകരണത്തിനായുള്ള വസുകിയുടെ നിയമനത്തിൽ കടുപ്പിച്ച് കേന്ദ്രം, കേരളത്തിന് താക്കിത്; കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി

ദില്ലി: വിദേശ സഹകരണത്തിനായി കെ വസുകി ഐ എ എസിന് പ്രത്യേക നിയമനം നൽകിയതിൽ കേരളത്തിന് താക്കീതുമായി കേന്ദ്ര സർക്കാർ. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയം ആണെന്ന് ചൂണ്ടികാട്ടിയാണ് വിദേശകാര്യ മന്ത്രാലയം കേരളത്തെ വിമർശിച്ചത്. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള വിഷയങ്ങളിൽ കൈകടത്തരുതെന്നാണ് കേരളത്തോട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ലിസ്റ്റിലും കൺകറന്‍റ് ലിസ്റ്റിലുമുള്ളതല്ലെന്ന് ചൂണ്ടികാട്ടിയ വിദേശകാര്യ വക്താവ്, ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്നും ആവശ്യപ്പെട്ടു.

അതേസമയം വസുകിയുടെ നിയമനത്തിൽ കേരളത്തെ കേന്ദ്രം കുറ്റപ്പെടുത്തിയിട്ടിലെന്ന് പറഞ്ഞ് ചീഫ് സെക്രട്ടറി വി വേണു പിന്നാലെ രംഗത്തെത്തി. വാസുകിയെ നിയമിച്ചത് തെറ്റാണെന്നോ നിയമന ഉത്തരവ് പിൻവലിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കേന്ദ്രത്തിന്‍റെ അധികാര പരിധിയിലുള്ളതും സംയുക്ത പട്ടികയിൽ ഉള്ളതും കൃത്യമായ അറിയുന്നവരാണ് കേരളത്തിലെ ഉദ്യോഗസ്ഥരെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ കേരള സർക്കാരിന് ഔദ്യോഗികമായി കേന്ദ്രസർക്കാർ അറിയിപ്പ് വന്നിട്ടില്ലെന്നും അങ്ങനെ അറിയിപ്പ് വന്നാൽ കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide