ദില്ലി: കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി വ്യാപനം ശക്തമായതോടെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉന്നതതല യോഗം ചേർന്നു. വിവിധ സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യം ഉന്നതതല യോഗത്തിലൂടെ കേന്ദ്ര ആരോഗ്യമന്ത്രി വിലയിരുത്തി. രോഗികൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും നദ്ദ കേന്ദ്ര ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഭവന നഗരാസൂത്രണ മന്ത്രാലയം, ഗ്രാമീണ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. 24*7 ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കാനും ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശമുണ്ട്. മാധ്യമങ്ങളിലൂടെ ബോധവൽക്കരണം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര സർക്കാർ ആശുപത്രികളിൽ പ്രത്യേക ഡെങ്കിപ്പനി വാർഡുകളും മരുന്നും വൈദഗ്ദ്യമുള്ള ജീവനക്കാരെയും ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി നദ്ദ ആവശ്യപ്പെട്ടു.