സ്മൃതി ഇറാനി മുതല്‍ വി. മുരളീധരന്‍ വരെ… ജനം കൈവിട്ട കേന്ദ്രമന്ത്രിമാര്‍ !

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കളത്തിലെ തിരുത്തലുകള്‍ക്കും ഒഴിവാക്കലുകള്‍ക്കും കൂട്ടിചേര്‍ക്കലുകള്‍ക്കും ശേഷം ഇന്നലെ പുറത്തുവന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ ജനം കൈവിട്ടത് 15 ഓളം കേന്ദ്ര മന്ത്രിമാരെ. പ്രമുഖ ബിജെപി നേതാക്കളായ സ്മൃതി ഇറാനി, അര്‍ജുന്‍ മുണ്ട, അജയ് മിശ്ര തേനി, വി മുരളീധരന്‍ എന്നിവരും പുറത്തായ പ്രമുഖരില്‍പ്പെടുന്നു. ഈ നഷ്ടങ്ങള്‍, പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയില്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍ഡിഎ പങ്കാളികളെ ആശ്രയിക്കാന്‍ ബിജെപിയെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. 2014, 2019 വര്‍ഷങ്ങളില്‍ ബിജെപി യഥാക്രമം 282, 303 സീറ്റുകള്‍ നേടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയത് പഴങ്കഥയാക്കി ഇപ്പോഴുണ്ടായത് ജനവിധിയിലെ വലിയ ചലനമാണ്.

ഇതുവരെയുള്ള 543 ലോക്സഭാ മണ്ഡലങ്ങളില്‍ 542 എണ്ണത്തിലേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം പ്രഖ്യാപിച്ചത്. ബിജെപി 240 സീറ്റുകള്‍ ഉറപ്പിച്ചപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 99 സീറ്റാണ് നേടാനായത്.

സ്മൃതി ഇറാനി
ബിജെപിക്ക് കിട്ടിയതില്‍വെച്ച് ഏറ്റവും വലിയ തോല്‍വികളിലൊന്നാണ് അമേഠിയില്‍ സ്മൃതി ഇറാനിക്കുണ്ടായത്. 2019ല്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ ഇറാനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോരി ലാല്‍ ശര്‍മയോട് 1,67,196 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇക്കുറി പരാജയപ്പെട്ടത്. രാഹുല്‍ ഗാന്ധിയില്‍ നിന്നും പിടിച്ചെടുത്ത് ബിജെപി തങ്ങളുടെ കോട്ടയെന്ന് ഉറക്കെ പറഞ്ഞ അമേഠി നല്‍കിയത് ചരിത്രം കുറിച്ച തോല്‍വിയായിരുന്നു.

അജയ് മിശ്ര

വിവാദമായ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കുടുങ്ങിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനിയെ സമാജ്വാദി പാര്‍ട്ടിയുടെ ഉത്കര്‍ഷ് വര്‍മ 34,329 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

അര്‍ജുന്‍ മുണ്ട

കേന്ദ്ര ഗോത്രകാര്യ മന്ത്രിയായ അര്‍ജുന്‍ മുണ്ട ഝാര്‍ഖണ്ഡിലെ ഖുന്തി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാളീചരണ്‍ മുണ്ടയോട് 1,49,675 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

കൈലാഷ് ചൗധരി

കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രിയായ കൈലാഷ് ചൗധരിയാണ് രാജസ്ഥാനിലെ ബാര്‍മറില്‍ പരാജയം നുണഞ്ഞ മറ്റൊരു കേന്ദ്ര മന്ത്രി.

രാജീവ് ചന്ദ്രശേഖര്‍

കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ 16,077 വോട്ടുകള്‍ക്കാണ് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനോട് പരാജയപ്പെട്ടത്.

ഇവരെക്കൂടാതെ, മഹേന്ദ്ര നാഥ് പാണ്ഡെ, കൗശല്‍ കിഷോര്‍, സാധ്വി നിരഞ്ജന്‍ ജ്യോതി, സഞ്ജീവ് ബല്യാന്‍, റാവു സാഹെബ് ദന്‍വെ, ആര്‍കെ സിംഗ്, വി മുരളീധരന്‍, എല്‍ മുരുഗന്‍, സുഭാഷ് സര്‍ക്കാര്‍, നിഷിത് പ്രമാണിക് തുടങ്ങിയ മന്ത്രിമാരും തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടു.

കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയ്ക്ക് ഉത്തര്‍പ്രദേശിലെ ചന്ദൗലി സീറ്റാണ് നഷ്ടമായത്. ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ സമാജ്വാദി പാര്‍ട്ടിയുടെ ആര്‍കെ ചൗധരിയോടാണ് തോറ്റത്. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി യുപിയിലെ ഫത്തേപൂരില്‍ പരാജയപ്പെട്ടു. റെയില്‍വേ സഹമന്ത്രി റാവു സാഹിബ് ദന്‍വെ മഹാരാഷ്ട്രയിലെ ജല്‍ന സീറ്റില്‍ കോണ്‍ഗ്രസിനോട് പൊരുതി തോറ്റു. മന്ത്രി ആര്‍കെ സിംഗ് ബിഹാറിലെ അറായില്‍ നിന്ന് സിപിഐ(എംഎല്‍)ലെ സുദാമ പ്രസാദിനോടാണ് തോറ്റത്. മുസാഫര്‍നഗര്‍ ലോക്സഭാ മണ്ഡലത്തില്‍ സമാജ്വാദി പാര്‍ട്ടിയുടെ ഹരേന്ദ്ര സിംഗ് മാലിക്കിനോടാണ് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ പരാജയപ്പെട്ടത്.

കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടു. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി എല്‍ മുരുഗനാകട്ടെ തമിഴ്നാട്ടിലെ നീലഗിരിയില്‍ ഡിഎംകെയുടെ എ രാജയോടാണ് പരാജയപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ നിഷിത് പ്രമാണിക് പശ്ചിമ ബംഗാളില്‍ ടിഎംസിയുടെ ജഗദീഷ് ചന്ദ്ര ബസൂനിയയോട് ഏറ്റുമുട്ടി തോറ്റുമടങ്ങി. പശ്ചിമ ബംഗാളില്‍ വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരൂപ് ചക്രവര്‍ത്തിയായിരുന്നു.

More Stories from this section

family-dental
witywide