കാസര്‍ക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ കാസര്‍ക്കോട് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫ. എകെ മോഹനനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കെസി ബൈജുവാണ് നടപടിയെടുത്തത്. സോഷ്യല്‍ വര്‍ക്ക് വിഭാഗം പ്രൊഫസര്‍ എകെ മോഹനാണ് അറസ്റ്റിലായത്. നേരത്തെ സോഷ്യല്‍വര്‍ക്ക് വിഭാഗം തലവനായിരുന്നു ഇയാള്‍.
കേന്ദ്ര സര്‍വകലാശാലയിലെ കരാര്‍ പുതുക്കിക്കിട്ടുന്നതിനും പിഎച്ച്ഡി പ്രവേശനം തരപ്പെടുത്തുന്നതിനുമായി താത്കാലിക അധ്യാപകനില്‍ നിന്ന് 20,000രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായത്. കഴിഞ്ഞ ഡിസംബറില്‍ സോഷ്യല്‍വര്‍ക്ക് വിഭാഗത്തിലെ താത്കാലിക അധ്യാപകന്റെ കാലാവധി അവസാനിച്ചിരുന്നു. പുതിയ വിജ്ഞാപനം ഉറപ്പാക്കാനും ഭാവിയില്‍ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിച്ചാല്‍ ഡിപ്പാര്‍ട്‌മെന്റ് റിസര്‍ച്ച് കമ്മിറ്റിയില്‍ അപേക്ഷയെ എതിര്‍ക്കാതിരിക്കുന്നതിനും കൈക്കൂലിയായി രൂപ ആവശ്യപ്പെടുകയായിരുന്നു.
ആദ്യ ഗഡുവായി 50,000 രൂപ വിജ്ഞാപനം പുറത്തിറങ്ങുന്ന വെള്ളിയാഴ്ച്ചയ്ക്കകം നല്‍കാനായിരുന്നു നിര്‍ദേശം. ഇതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സ് ആസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗത്തെ വിവരമറിയിച്ചത്. വിജിലന്‍സ് വടക്കന്‍ മേഖലാ സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തിലാണ് അധ്യാപകനെ പിടികൂടിയത്.