സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യം! മണിപ്പൂരിൽ നിന്നൊരു സുപ്രീം കോടതി ജഡ്ജി, അഭിമാനമായി കോടീശ്വർ സിംഗ്

ഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മണിപ്പൂരിൽ നിന്നൊരു സുപ്രീം കോടത ജഡ്ജി. ജസ്റ്റിസ് എൻ കോടീശ്വർ സിംഗാണ് പരമോന്നത കോടതിയുടെ ചരിത്രത്തിൽ പുതിയൊരധ്യായം എഴുതിച്ചേർത്തത്. നിലവിൽ ജമ്മു, കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചുവന്ന കോടീശ്വർ സിംഗിന് ഇന്നാണ് സുപ്രീം കോടത ജഡ്ജിയായി നിയമനം ലഭിച്ചത്. സുപ്രീം കോടതി കൊളീജിയത്തിന്‍റെ ശുപാർശ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതിന് പിന്നാലെ നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് നിയമനക്കാര്യം അറിയിച്ചത്. കോടീശ്വർ സിംഗിനൊപ്പം മദ്രാസ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് മഹാദേവനും സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക് നിയമനം നൽകിയിട്ടുണ്ട്. ഈ രണ്ട് നിയമനങ്ങളോടെ സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടക്കം 34 ആയി വർധിച്ചിട്ടുണ്ട്.

ജസ്റ്റിസ് കോടീശ്വർ സിംഗ്

മണിപ്പൂരിൽ നിന്ന് സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് എൻ കോടീശ്വർ സിംഗ്. നിലവിൽ ജമ്മു കശ്മീരിലെയും ലഡാക്കിലെയും ചീഫ് ജസ്റ്റിസാണ്. മണിപ്പൂരിലെ ആദ്യ അഡ്വക്കേറ്റ് ജനറൽ എൻ ഇബോടോംബി സിംഗിന്‍റെ മകനാണ് ഇദ്ദേഹം. ഡൽഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാൽ കോളേജിലെയും കാമ്പസ് ലോ സെന്‍ററിലെയും പൂർവ്വ വിദ്യാർഥിയായ അദ്ദേഹം 1986 ൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ജഡ്ജിയാകുന്നതിന് മുമ്പ് മണിപ്പൂർ അഡ്വക്കേറ്റ് ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗുവാഹത്തി ഹൈക്കോടതിയിലും മണിപ്പൂർ ഹൈക്കോടതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജസ്റ്റിസ് മഹാദേവൻ

നിലവിൽ മദ്രാസ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് മഹാദേവൻ. ചെന്നൈയിൽ ജനിച്ച ജസ്റ്റിസ് മഹാദേവൻ മദ്രാസ് ലോ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ്. അഭിഭാഷകനെന്ന നിലയിൽ, 9,000 ലധികം കേസുകളിൽ ഹാജരായ അദ്ദേഹം തമിഴ്‌നാട് സർക്കാരിന്‍റെ അഡീഷണൽ ഗവൺമെന്‍റ് പ്ലീഡറായും (ടാക്‌സ്) അഡീഷണൽ സെൻട്രൽ ഗവൺമെന്‍റ് സ്റ്റാൻഡിംഗ് കൗൺസലായും മദ്രാസ് ഹൈക്കോടതിയിൽ ഇന്ത്യാ ഗവൺമെന്‍റിന്‍റെ സീനിയർ പാനൽ അഭിഭാഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 ൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide