ദില്ലി: 2024-25 സീസണിലെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. നെല്ല്, ചോളം, ബജ്‌റ, റാഗി, സോയാബീൻ, നിലക്കടല, പരുത്തി തുടങ്ങിയ കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില വർധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
“പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലായ്‌പ്പോഴും കർഷകർക്ക് മുൻഗണന നൽകുന്നു, മൂന്നാം ടേമിലെ ആദ്യ തീരുമാനം കർഷകർക്ക് വേണ്ടിയായിരുന്നു. ഇന്നത്തെ ക്യാബിനറ്റ് മീറ്റിങ്ങിലും ചില പ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഖാരിഫ് സീസണ്‍ ആരംഭിക്കുകയാണ്. അതിനായി 14 വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) മന്ത്രിസഭ അംഗീകരിച്ചു. നെല്ലിന്റെ പുതിയ താങ്ങുവില 2300 രൂപയാണ്. ഇതില്‍ മുന്‍പത്തേക്കാള്‍ 117 രൂപ വര്‍ധനവുണ്ട്,” മന്ത്രി പറഞ്ഞു.
ഇന്നത്തെ തീരുമാനത്തോടെ കര്‍ഷകര്‍ക്ക് രണ്ടുലക്ഷം കോടി രൂപ താങ്ങുവിലയായി ലഭിക്കും. മുന്‍ സീസണുകളേക്കാള്‍ 35,000 കോടി രൂപ കൂടുതലാണിതെന്നും മന്ത്രി പറഞ്ഞു. കർഷകസമരം ലോക്സഭ തെരഞ്ഞടുപ്പിലെ ബിജെപിയുടെ തിരിച്ചടിക്ക് കാരണമായെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് താങ്ങുവില ഉയർത്താനുള്ള തീരുമാനം വരുന്നത്. ഈ വർഷം അവസാനം ഹരിയാന, ജാർഖണ്ഡ് മഹാരഷ്ട്ര സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുകയാണ്
വാരാണസിയിലെ ലാല്‍ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് 2869 കോടി രൂപ അനുവദിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.