ഹര്‍ജി പിന്‍വലിച്ചാല്‍ കേരളത്തിന് 13000 കോടി കടമെടുക്കാമെന്ന് കേന്ദ്രം, പറ്റില്ലെന്ന് കേരളം, മാർച്ച് 6ന് കോടതി വിശദവാദം കേൾക്കും

കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചാല്‍ കേരളത്തിന് 13000 കോടി കടമെടുക്കുന്നതിന് അനുമതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്നു സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടെയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് നിരാകരിച്ച കേരളം ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്നു കോടതിയോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് വിശദമായ വാദം കേള്‍ക്കാന്‍ കേസ് മാര്‍ച്ച് ആറിലേക്ക് മാറ്റി.

കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയത്തില്‍ കേരളവും കേന്ദ്രവും തമ്മില്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നാണ് ഇന്ന് കോടതിയില്‍ നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കേസില്‍ വാദം ആരംഭിച്ചപ്പോള്‍ തന്നെ വിഷയത്തില്‍ കേസും ചര്‍ച്ചയും ഒരുപോലെ കൊണ്ടുപോകാനാകില്ലെന്നു കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറൽ എന്‍ വെങ്കിട്ടരാമന്‍ കോടതിയെ അറിയിച്ചു.

കേരളം നിലവില്‍ നല്‍കിയിരിക്കുന്ന കേസ് പിന്‍വലിച്ചാല്‍ 13000 കോടി കടമെടുക്കുന്നതിന് അനുമതി നല്‍കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ ഈ 13000 കോടി രൂപ കേരളത്തിന് അര്‍ഹതപ്പെട്ടതാണെന്നും കേസ് നല്‍കിയില്ലെങ്കില്‍ പോലും ഈ കാലാവധിയില്‍ കേരളത്തിന് 13000 കോടി കടമെടുക്കാനാകുമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നത് 26000 കോടി കടമെടുക്കാനുള്ള അനുമതിയാണെന്നും കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന തുകപോലും കേസിന്റെ പേരില്‍ കേരളത്തിന് നിഷേധിക്കുകയാണെന്നും സിബല്‍ കോടതിയില്‍ ആരോപിച്ചു

കഴിഞ്ഞ മൂന്നു വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച കടമെടുപ്പ് പരിധിയിലും താഴെയാണ് കേരളം കടമെടുത്തതെന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് 5000 കോടി രൂപ കേന്ദ്രം നല്‍കിയപ്പോള്‍ കേരളത്തെ തഴഞ്ഞുവെന്നും സിബല്‍ സുപ്രീംകോടതിയെ അറിയിച്ചു.

കടമെടുപ്പ് പരിധി സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ നേരത്തെ കോടതി നിര്‍ദേശപ്രകാരം കേന്ദ്രവും കേരളവും തമ്മില്‍ കഴിഞ്ഞാഴ്ച ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറാകാഞ്ഞതോടെ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Centre asks Kerala To Withdraw the case on net borrowing ceiling but Kerala disagreed

More Stories from this section

family-dental
witywide