ഡൽഹി: ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ പുറത്താക്കി. സിവിൽ സർവീസ് പരീക്ഷയെഴുതാനായി വ്യാജരേഖ സമര്‍പ്പിച്ചെന്ന കുറ്റം തെളിഞ്ഞതോടെ കേന്ദ്രസര്‍ക്കാരാണ് നടപടി സ്വീകരിച്ചത്. 1954 ലെ ഐഎഎസ് (പ്രൊബേഷൻ) ചട്ടങ്ങളുടെ റൂൾ 12 പ്രകാരമുള്ള ഉടനടി പ്രാബല്യത്തില്‍ വരുകയും ചെയ്തു. സിവിൽ സർവീസ് പരീക്ഷയിൽ മുൻഗണന കിട്ടാൻ ഒബിസി നോൺ- ക്രീമിലെയർ സർട്ടിഫിക്കറ്റും അംഗപരിമിതിയുണ്ടെന്ന സർട്ടിഫിക്കറ്റും വഴിവിട്ട രീതിയിൽ നേടിയെടുത്തുന്നാണ് പൂജ ഖേദ്കർക്കെതിരെ ആരോപണം ഉയർന്നത്.
ജൂലൈയില്‍ പൂജ ഖേദ്കറുടെ ഐഎഎസ് യുപിഎസ്‌സി റദ്ദാക്കിയിരുന്നു. തിരിച്ചറിയല്‍ രേഖകളില്‍ കൃത്രിമം കാട്ടി സര്‍വീസില്‍ കയറിക്കൂട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണായിരുന്നു യുപിഎസ്‌സിയുടെ നടപടി. സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നതില്‍ നിന്നും പൂജയ്ക്ക് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. 2022 ലെ സിഎസ്‌ഇ ചട്ടങ്ങള്‍ ലംഘിച്ചതായി തെളിഞ്ഞെന്നാണ് യുപിഎസ്‌സി അറിയിച്ചിരുന്നത്.
പൂജയുടെ മുൻകൂർ ജാമ്യാപേക്ഷയേയും യുപിഎസ്‌സിയും ഡൽഹി പോലീസും എതിർത്തിരുന്നു. ഇപ്പോൾ ഇടക്കാല ജാമ്യത്തിലാണ് പൂജ.ജൂണില്‍ പൂജയ്ക്കെതിരെ പൂണെ കലക്ടറായിരുന്ന സുഹാസ് ദിവാസെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ക്രമക്കേടുകള്‍ പുറത്തറിയുന്നത്. ഐഎഎസ് ട്രെയിനി മാത്രമായ പൂജ, പരിശീലന കാലയളവില്‍ തന്നെ കാറും സ്റ്റാഫും ഓഫിസും ആവശ്യപ്പെട്ടതും കലക്ട്രേറ്റിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതുമായിരുന്നു പരാതിക്ക് അടിസ്ഥാനം.