വിസ്താരയിൽ പ്രതിസന്ധി രൂക്ഷം; ഇന്ന് റദ്ദ് ചെയ്തത് 38 വിമാനങ്ങൾ; റിപ്പോർട്ട് തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: പൈലറ്റുമാരുടെ ക്ഷാമം മൂലം വിസ്താര എയർലൈൻസ് ഇന്ന് രാവിലെ പ്രധാന നഗരങ്ങളിൽ നിന്ന് പുറപ്പെടുന്ന 38 വിമാനങ്ങൾ റദ്ദാക്കി. മുംബൈയിൽ നിന്ന് പുറപ്പെടുന്ന 15 വിമാനങ്ങളും ഡൽഹിയിൽ നിന്നുള്ള 12 വിമാനങ്ങളും ബെംഗളൂരുവിൽ നിന്നുള്ള 11 വിമാനങ്ങളുമാണ് റദ്ദാക്കിയത്.

ഇന്നലെ 50-ലധികം വിസ്താര വിമാനങ്ങൾ റദ്ദാക്കുകയും 160-ഓളം വിമാനങ്ങൾ വൈകുകയും ചെയ്തതിന് പിന്നാലെയാണിത്. മോശം ആശയവിനിമയവും വിമാനത്താവളത്തിലെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും സംബന്ധിച്ച് യാത്രക്കാർ പരാതി ഉന്നയിച്ചു.

ജീവനക്കാരുടെ ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തങ്ങൾക്ക് നിരവധി വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നെന്നും പല വിമാനങ്ങൾക്കും കാലതാമസം നേരിടേണ്ടി വന്നെന്നും വിസ്താര കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്‌ച്ചയോളമായി വിസ്താരയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. വിമാനങ്ങൾ മണിക്കൂറുകളോളം വൈകുകയും റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിമാന യാത്രക്കാരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.വിമാനം റദ്ദാക്കുന്നതും വൈകുന്നതും തുടർക്കഥയായതോടെ വിസ്താരയിൽ നിന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide