‘ഹസീന ഇന്ത്യ വിട്ടിട്ടില്ല, വിമാനം തിരിച്ചു പോയി’; സർവകക്ഷി യോഗത്തിൽ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ

ന്യൂഡൽഹി: ഷെയ്ഖ് ഹസീന സർക്കാരിൻ്റെ പതനവും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ അയൽരാജ്യമായ ബംഗ്ലാദേശിന്റെ ഭരണം സൈന്യം ഏറ്റെടുത്തതും ചർച്ച ചെയ്യാൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിൻ്റെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേർന്നു. ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ലെന്നും ഭാവി പരിപാടികൾ തീരുമാനിക്കാൻ അവർക്ക് സമയം നൽകിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി സർവകക്ഷി യോഗത്തിൽ അറിയിച്ചു.

അക്രമബാധിതമായ ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ചും ഈ സാഹചര്യത്തിൽ സാധ്യമായ സുരക്ഷ, സാമ്പത്തിക, നയതന്ത്ര പ്രത്യാഘാതങ്ങൾ എന്നിവ നേരിടാൻ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും ജയശങ്കർ എല്ലാ പാർട്ടികളുടെയും നേതാക്കളോട് വിശദീകരിച്ചു. ബംഗ്ലാദേശ് സൈന്യവുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയ ബംഗ്ലദേശ് വ്യോമസേനയുടെ സി–130ജെ വിമാനം ഹിൻഡൻ വ്യോമസേനാത്താവളത്തിൽനിന്ന് പോയതായി അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഈ വിമാനത്തിൽ ഹസീന ഉണ്ടായിരുന്നില്ലെന്നും അവർക്കൊപ്പം ഇന്ത്യയിലേക്ക് വന്ന 7 സൈനികർ ബംഗ്ലദേശിലേക്ക് തിരികെ പോകുകയായിരുന്നെന്നും വാർത്താ ഏജൻസി എഎൻഐ വ്യക്തമാക്കി.

ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിടാനുണ്ടായ സാഹചര്യവും ഇന്ത്യ അവരുടെ കാര്യത്തിലെടുത്ത നടപടികളും സർവകക്ഷി യോഗത്തിൽ ചർച്ചയായി. ബംഗ്ലാദേശ് വിഷയത്തിൽ നൽകുന്ന പിന്തുണയ്ക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളോടും വിദേശകാര്യമന്ത്രി നന്ദിയറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

More Stories from this section

family-dental
witywide