തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്ത തുടർന്ന് രഞ്ജിത്ത് ഒഴിഞ്ഞ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പുതിയ ആളെ ഉടൻ നിയമിച്ചേക്കില്ല. നിലവിലെ വൈസ് ചെയർമാൻ പ്രേംകുമാറിന് ചെയർമാൻ്റെ അധിക ചുമതല നൽകിയേക്കും. ഡിസംബറിൽ നടക്കുന്ന ഐഎഫ്എഫ്കെയ്ക്ക് മുന്നോടിയായി പുതിയ ചെയർമാനെ നിശ്ചയിച്ചേക്കും.
ബംഗാളി നടിയായ ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത്ത് രാജിവക്കണമെന്ന മുറവിളികൾ ശക്തമായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും ശ്രീലേഖ മിത്ര മാധ്യമങ്ങളോട് പറഞ്ഞു. താൻ ഇത് എതിർത്തു. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്നും അവർ വ്യക്തമാക്കി. എന്നാൽ സത്യം പുറത്ത് വരുമെന്നാണ് രഞ്ജിത്ത് രാജി സന്ദേശത്തിൽ പറഞ്ഞത്.
യുവനടി രേവതി സമ്പത്ത് ഉയർത്തിയ ലൈംഗികാരോപണത്തിന്റെ അടിസ്ഥാനത്തിൽ, രഞ്ജിത്തിന്റെ രാജിക്ക് മുൻപാണ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചത്.