മൂന്നാര്‍: ചിന്നക്കനാലിലെ സിങ്കുകണ്ടത്തെ വീട്ടില്‍ ഉറങ്ങുകയായിരുന്ന മനോജും കുടുംബവും പുലര്‍ച്ചെ എന്തോ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. പിന്നീടാണ് മനസിലായത് കാട്ടാന വീട് ആക്രമിച്ചതാണെന്ന്… ഇന്നു പുലര്‍ച്ചെയാണ് ചിന്നക്കനാലിനെ ഭീതിയിലാഴ്ത്തി വീടിനു നേരെ ചക്കക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ആളപായമില്ലെന്നതൊഴിച്ചാല്‍ ജനങ്ങള്‍ ഭീതിയിലാണ്.
കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പന്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ നാലോടെ മനോജിന്റെ വീടിന് മുന്നിലെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ ശക്തിയായി കുത്തുകയായിരുന്നു. വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീഴുകയും വീടിന്റെ അകത്തെ സീലിങ് തകര്‍ന്നുവീഴുകയും ചെയ്തിട്ടുണ്ട്. ഉറങ്ങുകയായിരുന്ന മനോജും കുടുംബവും ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കൊമ്പന്‍ സ്ഥലം വിട്ടിരുന്നു.
പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി പരിശോധിച്ചപ്പോഴാണ് ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയത്. അരിക്കൊമ്പനെ നാട് കടത്തിയതില്‍ ആശ്വസിച്ച ചിന്നക്കനാലുകാര്‍ക്ക് വീണ്ടും തലവേദനയായിരിക്കുകയാണ് ചക്കക്കൊമ്പന്റെ സാന്നിധ്യം. കുറച്ചുദിവസംമുമ്പ് സിങ്കുകണ്ടത്ത് ചക്കക്കൊമ്പന്‍ കൃഷി നശിപ്പിച്ചിരുന്നു.
Chakkakomban attack in chinnakkanal