ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 200-ലധികം കര്‍ഷക സംഘടനകള്‍ ഡല്‍ഹിയിലേക്ക് നാളെമുതല്‍ മാര്‍ച്ച് നടത്തുന്ന സാഹചര്യം കണക്കിലെടുത്ത് അതീവ സുരക്ഷയിലേക്ക് രാജ്യ തലസ്ഥാനം. മാര്‍ച്ചിന് മുന്നോടിയായി മാര്‍ച്ച് 12 വരെ ഡല്‍ഹിയിലുടനീളം ഒരു മാസത്തേക്ക് വലിയ സമ്മേളനങ്ങള്‍ നിരോധിച്ച് ഉത്തരവായിട്ടുണ്ട്.
ഡല്‍ഹി പോലീസ് കമ്മീഷണര്‍ സഞ്ജയ് അറോറ പുറപ്പെടുവിച്ച ഉത്തരവില്‍ ട്രാക്ടറുകള്‍ക്ക് രാജ്യതലസ്ഥാനത്തേക്കുള്ള പ്രവേശനം നിരോധിച്ചു. തോക്കുകളും കത്തുന്ന വസ്തുക്കളും, ഇഷ്ടികയും കല്ലും പോലുള്ള വസ്തുക്കളും, പെട്രോള്‍ ക്യാനുകളും സോഡ കുപ്പികളും, ഉച്ചഭാഷിണികള്‍ അടക്കമുള്ളവയും പൂര്‍ണ്ണമായി നിരോധിച്ചു.
കര്‍ഷക മാര്‍ച്ചിനോടനുബന്ധിച്ച് ഡല്‍ഹിയുടെ എല്ലാ അതിര്‍ത്തികളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് ഡല്‍ഹിയിലെത്താതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്യുകയാണ് ഭരണകൂടം. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തുന്നത് തടയാന്‍ സംസ്ഥാന ഭരണകൂടവും ഡല്‍ഹി പൊലീസും വിവിധ മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഏതെങ്കിലും വിധത്തില്‍ ഹരിയാനയും പഞ്ചാബും കടന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചാല്‍ ക്രെയിനുകളും കണ്ടെയ്‌നറുകളും ഉപയോഗിച്ച് അതിര്‍ത്തി അടയ്ക്കും. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള ഗതാഗത തടസത്തിലേക്ക് തലസ്ഥാനം നീങ്ങുമെന്നും ഉറപ്പാണ്.