ചംപായ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ജെഎംഎം നിയമസഭാ കക്ഷി നേതാവ് ചംപായ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ദർബാൾ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലികൊടുത്തു.

ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസമാണ് ചംപായ് സോറന്‍റെ സത്യപ്രതിജ്ഞ. വ്യാഴാഴ്ച അർധ രാത്രിയാണ് ഗവർണർ ചംപായ് സോറനെ സർക്കാർ രൂപീകരണത്തിനായി ക്ഷണിച്ചത്. പത്തു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ചംപായ് സോറൻ 43 എംഎൽഎമാരുടെ പിന്തുണക്കത്തുമായി രാജ്‍ഭവനിലെത്തി വ്യാഴാഴ്ച ഗവർണറെ കണ്ടിരുന്നു.

ബുധനാഴ്ച രാത്രി വൈകിയാണ് ഹേമന്ത് സോറൻ അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ 10 ദിവസത്തെ കസ്റ്റഡിക്ക് വേണ്ടിയുള്ള കേന്ദ്ര ഏജൻസിയുടെ അഭ്യർത്ഥനയിൽ അന്തിമ വിധി പുറപ്പെടുവിച്ചതോടെ അദ്ദേഹത്തെ ഒരു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.