ന്യൂഡൽഹി: കഴിഞ്ഞ മാസം നടന്ന ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹിനെ പ്രോസിക്യൂട്ട് ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടു. ബാലറ്റുകളിൽ കൃത്രിമം കാണിച്ചതായി ഉദ്യോഗസ്ഥൻ സമ്മതിച്ചതായി കോടതി പറഞ്ഞു. ചരിത്രത്തിലാധ്യമായാണ് ഒരു പ്രിസൈഡിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യാൻ കോടതി ഉത്തരവിടുന്നത്.
പ്രാഥമിക വാദം കേൾക്കലിൽ, “ജനാധിപത്യത്തിൻ്റെ കൊലപാതകം” കോടതി അനുവദിക്കില്ലെന്നും എല്ലാ രേഖകളും സുരക്ഷിതമാക്കാൻ രജിസ്ട്രാർ ജനറലിനോട് ഉത്തരവിടുകയും ചെയ്തിരുന്നു. ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിക്കുന്ന വീഡിയോദൃശ്യങ്ങൾ പരിശോധിച്ച കോടതി ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടുവെന്നും വരണാധികാരിയെ വിചാരണചെയ്യേണ്ടതാണെന്നും വാക്കാൽ നിരീക്ഷിച്ചിരുന്നു.
മസീഹിനോട് 19-ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കവേയാണ് പ്രോസിക്യൂട്ട് ചെയ്യണമെന്ന് പറഞ്ഞത്. ബാലറ്റ് പേപ്പറുകൾ ചൊവ്വാഴ്ച പരിശോധനയ്ക്കായി കൊണ്ടുവരാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നതിന് പകരം മറ്റൊരു റിട്ടേണിങ് ഓഫീസറെക്കൊണ്ട് വോട്ടുകൾ വീണ്ടും എണ്ണിക്കണമെന്ന് ആദ്യം നിർദ്ദേശിച്ചെങ്കിലും ബാലറ്റ് പേപ്പറുകൾ പരിശോധിച്ച ശേഷം വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി. മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിലേക്ക് കൂറുമാറിയതിനെ ചൂണ്ടികാട്ടി “കുതിരക്കച്ചവടം” ഗൗരവമുള്ള കാര്യമാണെന്നും സുപ്രീം കോടതി പറഞ്ഞു.