ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ് : പ്രിസൈഡിംഗ് ഓഫീസര്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച്‌ ആം ആദ്മി പാര്‍ട്ടി കോടതിയെ സമീപിച്ചു

ചണ്ഡിഗഢ്: ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ് നടത്തിയ രീതിയെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി (എഎപി) ഇന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. നാളെയാണ് വാദം കേള്‍ക്കല്‍.

ചൊവ്വാഴ്ച നടന്ന ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പിന്റെ പ്രിസൈഡിംഗ് ഓഫീസര്‍ ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിക്കുന്ന വീഡിയോ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്ത്യാ ബ്ലോക്ക് സ്ഥാനാര്‍ത്ഥികളുടെ 8 വോട്ടുകള്‍ അസാധുവായി കണക്കാക്കിയതിനെ തുടര്‍ന്ന് വോട്ടെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എഎപി കൃത്രിമം ആരോപിച്ച് കോടതിയിലെത്തിയത്.

ഇന്ന് നടന്ന ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ എഎപി-കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യ സ്ഥാനാര്‍ത്ഥി കുല്‍ദീപ് സിംഗിന്റെ 8 വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി മനോജ് കുമാര്‍ സോങ്കറിനെ വിജയിയായി പ്രഖ്യാപിച്ചു. ഇന്ത്യ ബ്ലോക്കും ബിജെപിയും തമ്മിലുള്ള ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു ഇത്.