‘പൊതുകടം കൂടി, ആന്ധ്രയ്ക്ക് ഇനിയും സാമ്പത്തിക സഹായം വേണം’; പ്രധാനമന്ത്രിയെ കണ്ട് ചന്ദ്രബാബു നായിഡു

ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു കിഞ്ജരാപ്പു, വാർത്താവിനിമയ ഗ്രാമവികസന സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി എന്നിവരോടൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്.

പുതിയ തലസ്ഥാന വികസനത്തിനായി 15,000 കോടി രൂപ അനുവദിച്ചതുൾപ്പെടെയുള്ള പ്രധാന കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾക്ക് യോഗത്തിൽ നായിഡു പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞു. തുടർന്ന് ടിഡിപി മേധാവി ആന്ധ്രാപ്രദേശിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രിയുമായി വിശദമായി ചർച്ച ചെയ്യുകയും സാമ്പത്തിക വെല്ലുവിളികൾ നേരിടാനും സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സംസ്ഥാനത്തിൻ്റെ ജിഡിപി വർദ്ധിപ്പിക്കാനും കേന്ദ്രസർക്കാരിൻ്റെ കൂടുതൽ പിന്തുണ തേടുകയും ചെയ്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. 2019–20നെ അപേക്ഷിച്ച് 2023–24ൽ ആന്ധ്രയുടെ പൊതുകടം ജിഡിപിയുടെ 31 ശതമാനത്തിൽനിന്ന് 33.32 % ആയി വർധിച്ചിട്ടുണ്ട്.

ബജറ്റിൽ ആന്ധ്രയ്ക്ക് 15,000 കോടി രൂപ അനുവദിച്ചതിന് പ്രധാനമന്ത്രിയെ നായിഡു നന്ദിയറിയിച്ചു. എൻഡിഎ സർക്കാരിലെ പ്രമുഖ കക്ഷികളായ ടിഡിപി ഭരിക്കുന്ന ആന്ധ്രയ്ക്കും ജെ‍ഡിയു ഭരിക്കുന്ന ബിഹാറിനും ബജറ്റിൽ പ്രത്യേക പരിഗണന നൽകുകയും മറ്റ് സംസ്ഥാനങ്ങളെ അവഗണിക്കുകയും ചെയ്തെന്ന് പരാതിയുണ്ട്.

More Stories from this section

family-dental
witywide